കഴിഞ്ഞ 10 വർഷമായി പട്ടാമ്പി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ 1500 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ജനങ്ങൾക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിയുന്ന ഡിജിറ്റൽ 'വികസന ഭൂപടം' മുഹമ്മദ് മുഹ്സിൻ എം.എൽ.എ പ്രസിദ്ധീകരിച്ചു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു മണ്ഡലത്തിലെ മുഴുവൻ വികസന പ്രവർത്തനങ്ങളും ജിയോസ്പേഷ്യൽ (Geospatial Technology) സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാപ്പിൽ രേഖപ്പെടുത്തി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ഭരണ- പ്രതിപക്ഷ ഭേദമന്യേ മണ്ഡലത്തിന്റെ എല്ലാ മുക്കിലും മൂലയിലും വികസനം എത്തിച്ചതിന്റെ ശാസ്ത്രീയവും സുതാര്യവുമായ രേഖയാണ് ഈ വികസന ഭൂപടം.
ഓരോ വോട്ടർക്കും തങ്ങളുടെ പ്രദേശത്തെ വികസന പദ്ധതികൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന രീതിയിലാണ് ഭൂപടം തയ്യാറാക്കിയിട്ടുള്ളത്.
എം.എൽ.എയുടെ സുതാര്യവും ഉത്തരവാദിത്തപരവും നവീനവുമായ പ്രവർത്തന ശൈലിയുടെ വ്യക്തമായ തെളിവ് കൂടിയാണ് ഈ വികസന ഭൂപടം. സമയപരിമിതി കാരണം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ 80 ശതമാനം മാത്രമാണ് നിലവിൽ ഈ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പൂർണ്ണമായ വിവരങ്ങൾ വൈകാതെ തന്നെ ഇതിൽ കൂട്ടിച്ചേർക്കും. പട്ടാമ്പി മണ്ഡലത്തിലെ തന്നെ ജി.ഐ.എസ് (GIS) വിദഗ്ദ്ധനായ മുഹമ്മദ് തൗസീഫാണ് പൂർണമായും സേവന മനോഭാവത്തോടെ ഈ വികസന ഭൂപടം തയ്യാറാക്കി നൽകിയത്. മണ്ഡലത്തിലെ പ്രഗത്ഭരായ യുവാക്കളുടെ പ്രതിഭ നാടിന്റെ വികസനത്തിനായി എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച തൗസീഫിന് എം.എൽ.എ പ്രത്യേകം നന്ദി അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷം മണ്ഡലത്തിൽ ജനപ്രതിനിധി എന്ന നിലയിൽ എന്ത് ചെയ്തു എന്നതിന്റെ പൂർണ്ണമായ തെളിവാണ് ഈ ഭൂപടത്തിലൂടെ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്.
https://map.muhammedmuhassin.com/

