മേലെ പട്ടാമ്പിയിൽ നിന്ന് നൂറുകണക്കിന് എൽ.ഡി.എഫ് പ്രവർത്തകരുടെ അകമ്പടിയോടെയാണ് മുഹമ്മദ് മുഹ്സിൻ പത്രിക നൽകാൻ താലൂക്ക് ആസ്ഥാനത്ത് എത്തിയത്.
പട്ടാമ്പി താലൂക്ക് ആസ്ഥാനത്ത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ തഹസിൽദാർ (ഭൂരേഖ) ഒ.ബി ഹേമ മുൻപാകെ മൂന്നു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.
സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ നേതാവും പട്ടാമ്പിയുടെ ആദ്യ എം.എൽ.എ യുമായിരുന്ന അന്തരിച്ച ഇ.പി ഗോപാലന്റെ സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി. തുടർന്ന് രക്തസാക്ഷി പി.കെ രാജന്റെ വീട്ടിലെത്തി അമ്മ പി.കെ സരോജിനിയേയും, സഹോദരൻ ഡോ.പി.കെ ഹരിദാസിനെയും സന്ദർശിച്ചു.
തുടർന്ന് മേലെ പട്ടാമ്പിയിൽ നിന്നും പ്രകടനമായി താലൂക്ക് ആസ്ഥാനത്തെത്തി പത്രിക സമർപ്പിക്കുകയായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, തെരഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.പി വിനയകുമാർ, കൺവീനർമാരായ ടി. ഗോപാലകൃഷ്ണൻ, എം.എൻ കരുണാകരൻ, എൽ.ഡി.എഫ് നേതാക്കളായ ടി.കെ നാരായണദാസ്, ഒ.കെ സെയ്തലവി, കെ.പി അബ്ദുറഹ്മാൻ, കെ. പരമേശ്വരൻ, കെ.മല്ലിക, കെ.സി ജയപാൽ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
മുഹമ്മദ് മുഹ്സിന് മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള തുക തൊഴിലുറപ്പ് തൊഴിലാളികളാണ് നൽകിയത്.
പട്ടാമ്പി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ എൻ ഉണ്ണികൃഷ്ണൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ തൊഴിലുറപ്പു തൊഴിലാളി യൂണിയൻ പട്ടാമ്പി ഏരിയാ കമ്മിറ്റി ഭാരവാഹികളായ സി.മുകേഷ്, കെ.എസ് സരിത, കെ.ടി പുഷ്പലത, കെ.ആർ ജിഷ, ശാന്ത, അമ്പിളി എന്നിവരും തൊഴിലാളികളും ചേർന്ന് തുക മുഹമ്മദ് മുഹസിന് കൈമാറി.

