കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാറിലും അട്ടപ്പാടിയിലും രണ്ട് പേർക്ക് ജീവഹാനി

അടിമാലി വനത്തിൽ വിറക് ശേഖരിക്കാൻ പോയ വയോധികനെ കാട്ടാന ആക്രമിച്ചു കൊന്നു.  കണ്ണൻ ദേവൻ കമ്പനി കല്ലാർ എസ്റ്റേറ്റ് ഫാക്‌ടറി ഡിവിഷനിൽ നടരാജൻ (62) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിയോടെ വിറക് ശേഖരിക്കാൻ വീട്ടിൽ നിന്നും പോയതായിരുന്നു. തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി അന്വേഷണം നടത്തി.

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വാരിയെല്ലുകൾ പൊട്ടി ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു. 

ഷോളയൂർ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി (ബാബു-58) ആണ് മരിച്ചത്. മാർച്ച് ഒമ്പതിനാണ് ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ബാബുവിന് പരിക്കേറ്റത്. 

വെളുപ്പിന് ഉന്നതിക്കു സമീപത്തെ തോട്ടിലേക്ക് നടക്കുകയായിരുന്ന ഇയാളെ പ്രദേശത്ത് സ്ഥിരമായി നാശം വിതയ്ക്കുന്ന മുറിവാലൻ കൊമ്പൻ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ രങ്കസ്വാമിയെ വനപാലകരെത്തി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് വാരിയെല്ലുകൾ പൊട്ടുകയും നടുവിന് ക്ഷതമേൽക്കുകയും ചെയ്‌തിരുന്നു. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം