പട്ടാമ്പിയിൽ ടിക്കറ്റ് എടുക്കാൻ യാത്രക്കാർ പൊരി വെയിലത്ത്; റെയിൽവേയുടെ അനാസ്ഥയെന്ന് വെൽഫെയർ പാർട്ടി

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾക്ക് ഇനിയും പരിഹാരമാകുന്നില്ല. ദിനേന യാത്ര ചെയ്യാൻ നൂറുക്കണക്കിന് ആളുകളാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. എന്നാൽ നിലവിൽ ഒരു എ.ടി.വി.എം (ഓട്ടോമാറ്റിക് ടിക്കറ്റ് വെൻ്റിംഗ് മെഷീൻ) ടിക്കറ്റ് കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്.

റെയിൽവേയുടെ ടിക്കറ്റ് കൗണ്ടർ റിസർവേഷൻ സേവനങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, സാധാരണ ടിക്കറ്റ് എടുക്കുന്നതിനായി മുഴുവൻ യാത്രക്കാരും എ.ടി.വി.എമ്മിനെ ആശ്രയിക്കേണ്ടി വരുന്നു. ഇതോടെ സ്റ്റേഷന്റെ എൻട്രൻസിന് പുറത്തായി നീണ്ട ക്യൂ രൂപപ്പെടുകയും, യാത്രക്കാർ വെയിലത്തും മഴയിലും ക്യൂ നിൽക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യുന്നു.

പ്രത്യേകിച്ച് ഉച്ച സമയങ്ങളിൽ കടുത്ത വെയിലിൽ ക്യൂ നിൽക്കേണ്ടി വരുന്നത് മുതിർന്നവർക്കും കുട്ടികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മതിയായ ഷെൽട്ടർ സൗകര്യമില്ലാത്തത് പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നുവെന്നും യാത്രക്കാർ പറയുന്നു.

ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് വെൽഫെയർ പാർട്ടി പട്ടാമ്പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേഷനിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിക്കുകയും, ക്യൂ നിൽക്കുന്നതിനായി മതിയായ ഷെൽട്ടർ സൗകര്യം ഒരുക്കുകയും, നിലവിലുള്ള എ.ടി.വി.എം കൗണ്ടറിന്റെ സ്ഥാനം സ്റ്റേഷന്റെ അകത്തേക്ക് മാറ്റുകയും ചെയ്യണമെന്നും യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി പട്ടാമ്പി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. 

മണ്ഡലം പ്രസിഡണ്ട് ഷമീർ മനക്കത്തൊടി അധ്യക്ഷത വഹിച്ചു. കെ.പി ഹമീദ്, മുജീബ് വല്ലപ്പുഴ, ഫൈസൽ കൊപ്പം, അഷറഫ് കാരക്കാട്, കെ.വി നാസർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം