ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന അബ്ബാസ് മേലെ തലയ്ക്കൽ തൃത്താലയിൽ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ട്. മത്സരിക്കാൻ വേണ്ടി മത്സരിക്കുകയല്ലെന്നും ജയിക്കാനാണ് മത്സരിക്കുന്നതെന്നും അബ്ബാസ് കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തൃത്താല മണ്ഡലത്തിൽ വീടില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. മാരക രോഗം ബാധിച്ച് ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്നവരുണ്ട്. കടക്കെണിയിൽ പെട്ട് ജപ്തി നടപടി നേരിടുന്ന നിർധന കുടുംബങ്ങളുണ്ട്. പതിനാല് വർഷമായി നിശബ്‌ദമായി ജീവകാരുണ്യ സേവനം നടത്തുന്നതിനിടയിൽ ഇവരുടെ പ്രയാസങ്ങൾ നേരിട്ട് കണ്ടതുകൊണ്ടാണ് മത്സര രംഗത്തിറങ്ങിയത്.
ജയിച്ചാൽ യുവാക്കൾക്ക് ജോലി ഉറപ്പുവരുത്തും. എല്ലാ പഞ്ചായത്തിലും സൗജന്യ ആംബുലൻസ് സർവീസ് ലഭ്യമാക്കും. കർഷക പ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരം കാണും. ഭവന രഹിതരും ചികിത്സാ ദാരിദ്ര്യം അനുഭവിക്കുന്നവരും, ജപ്തി ഭീഷണി നേരിടുന്നവരും മണ്ഡലത്തിൽ ഉണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്നും അബ്ബാസ് പറഞ്ഞു.
പഞ്ചായത്തുകൾ തോറും തനിക്കു വേണ്ടി യുവാക്കൾ സ്ക്വാഡ് പ്രവർത്തനം നടത്തുന്നുണ്ടെന്നും എല്ലാ വീടുകളിലും സന്ദേശം എത്തിക്കുമെന്നും ഗ്യാസ് സിലിണ്ടറാണ് തൻ്റെ ചിഹ്നമെന്നും കോതച്ചിറ സ്വദേശിയായ അബ്ബാസ് പറഞ്ഞു. തൻ്റെ ആശയങ്ങളുമായി സഹകരിക്കാൻ തയ്യാറുള്ളവരുടെ സഹായവും പിന്തുണയും സ്വീകരിക്കുമെന്നും അബ്ബാസ് പറഞ്ഞു.
