പെസഹ വ്യാഴം കുർബ്ബാന കഴിഞ്ഞ് യാക്കോബായ വിശ്വാസികൾ 9.30ന് മാതൃദേവലായത്തിൽ എത്തുന്നതിന് മുന്നെ ഓർത്തഡോക്സ് വിഭാഗം പള്ളി മുൻവശം പൂട്ടിപ്പോയെന്നാണ് ആക്ഷേപം.
സെമിത്തേരിയിൽ പ്രവേശിക്കാൻ കഴിയാതെ മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികൾ മാതൃ ദേവലായത്തിനു മുന്നിൽ പ്രാർത്ഥനാ യജ്ഞം ആരംഭിച്ചു. പള്ളിക്ക് മുന്നിൽ ധൂപ പ്രാർത്ഥനയും നടത്തി.
പീഡാനുഭവ വാരത്തോട് അനുബന്ധിച്ച് നാലു ദിവസം സെമിത്തേരിയിൽ പ്രവേശിക്കാൻ ബുധനാഴ്ച ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അനുമതി നൽകിയിരുന്നു.
പള്ളി പൂട്ടിപ്പോയതിനെ തുടർന്ന് മാതൃ ദേവാലയത്തിന് മുന്നിൽ വികാരി ഫാ.അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥന യജ്ഞം ആരംഭിച്ചു.
കഴിഞ്ഞ വർഷവും പെസഹ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ ദിനങ്ങളിൽ സെമിത്തേരിയിൽ പ്രവേശിക്കാൻ ഒറ്റപ്പാലം സബ് കലക്ടർ ഉത്തരവ് നൽകിയിരുന്നെങ്കിലും ഓർത്തഡോക്സ് വിഭാഗം പള്ളി പൂട്ടി പോയിരുന്നു. സ്ഥലത്ത് ചാലിശേരി പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

