കറുകപുത്തൂർ- അക്കിക്കാവ് റോഡ് നവീകരണം ഇഴയുന്നതായി പരാതി; അപകടങ്ങൾ പതിവായി !

രണ്ട് വർഷം മുമ്പ് തുടങ്ങിയ കറുകപുത്തൂർ- അക്കിക്കാവ് റോഡ് നവീകരണം ഇഴയുന്നതായി പരാതി. ബി.എം. ബി.സി. നിലവാരത്തിൽ ടാറിങ് ഏറെക്കുറെ പൂർത്തിയായ റോഡിൽ പലയിടങ്ങളിലായി ഇൻ്റർലോക്ക് കട്ടകൾ പാകാനായി മാറ്റിയിട്ട 500 മീറ്ററോളം ഭാഗമാണ് ഒന്നര മാസമായി അനാഥമായി കിടക്കുന്നത്. 

ഈ ഭാഗങ്ങളിൽ ചിലയിടത്ത് പകുതി കട്ടവിരിച്ച് ബാക്കി പണി തുടരാതെ കിടക്കുന്നതിനാൽ പാകിയ കട്ടകൾ ഇളകിയും മറ്റും അപകടങ്ങൾ പതിവായി. ടാർ ചെയ്ത ഭാഗവും കട്ടയ്ക്കും ഇടയിലുള്ള വിടവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങളാണ് ഏറെയും അപകടത്തിൽ പെടുന്നത്. ശനിയാഴ്ച പെരിങ്ങോട് എ.കെ.ജി നഗർ സലഫി മസ്ജിദ് റോഡിന് സമീപം റോഡിൽ കൂട്ടിയിട്ട കട്ടകളിൽ ബൈക്ക് തട്ടി ഒരു കുടുംബം അപകടത്തിൽ പെട്ടിരുന്നു. 

കഴിഞ്ഞ രാത്രിയും ഇവിടെ  ടൂവീലർ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു. കട്ടകൾ വിരിക്കാനായി റോഡിൽ കരിങ്കൽപ്പൊടിയും മെറ്റലും വിരിച്ചതും ഈ ഭാഗം പണി നടക്കാതെ കിടക്കുന്നതും ഇരുചക്ര വാഹനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാനുമാവാത്ത സ്ഥിതിയാണുള്ളത്. വെളിച്ചക്കുറവും രാത്രിയുള്ള അപകടങ്ങൾക്ക് കാരണമാവുന്നു.

ഏതാനും ദിവസങ്ങൾ കൊണ്ട് തീർക്കേണ്ട കട്ടവിരിക്കൽ ആഴ്ചകളായിട്ടും പൂർത്തിയായിട്ടില്ല. വിരിച്ച സ്ഥലങ്ങളിൽ തന്നെ ശരിയായ രീതിയിൽ അല്ല ചെയ്തിട്ടുള്ളത് എന്നും ആരോപണമുണ്ട്.

ടാറിങ് പൂർത്തിയായ ഭാഗത്ത് വേഗത്തിലെത്തുന്ന വാഹനങ്ങൾ, കട്ടകൾക്കും റോഡിനും ഇടയിലുള്ള വിടവ് ശ്രദ്ധയിൽപ്പെടാതെയും ഇളകി കിടക്കുന്ന കട്ടകളിൽ തട്ടിയും റോഡിന് നടുവിൽ കൂട്ടിയിട്ടിരിക്കുന്ന കട്ടകളിൽ തട്ടിയുമെല്ലാം അപകടത്തിൽപ്പെടുകയാണ്. ദിനേന മൂന്നു നാല് പേരാണ് ഇവിടെ വീണ് പരിക്കേൽക്കുന്നത്.

കറുകപുത്തൂർ- അക്കിക്കാവ് റോഡ് നവീകരണത്തിനായി 13.5 കോടി രൂപയാണ് വകയിരുത്തിയത്. ഒന്നാംഘട്ടത്തിൽ 28 ഓവുപാലങ്ങളുടെയും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ ഓവു ചാലുകളുടെയും നിർമ്മാണം ഏതാണ്ട് പൂർത്തിയായി.

പ്രവൃത്തി ഇഴയുന്നതു മൂലം പൊടി ശല്യം രൂക്ഷമായിരുന്നു. പൊറുതി മുട്ടിയ നാട്ടുകാർ അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഉദ്ഘാടനം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാനായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രവൃത്തി വീണ്ടും ഇഴയാൻ തുടങ്ങി.  

ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ കാരണം ഇനിയും അപകടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കണമെന്നും മുഴുവൻ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കോൺഗ്രസ് നാഗലശ്ശേരി പഞ്ചായത്ത് പതിനൊന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. 

കറുകപുത്തൂർ- അക്കിക്കാവ് റോഡ് നവീകരണത്തിലെ  അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പെരിങ്ങോട് മേഖല കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. എ.കെ.ജി വെള്ളാംകുണ്ട് റോഡിൽ നടന്ന പ്രതിഷേധ സംഗമം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുരളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.സി.പി ഫർഹത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിമാരായ സുധീർ പെരിങ്ങോട്, കെ.എം സലീം തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എം.എ കരീം സ്വാഗതവും നൗഫൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം