നെല്ലിന് പണം നൽകാത്തതിൽ പ്രതിഷേധം; കൂറ്റനാട് റോഡ് ഉപരോധിച്ചു

നെൽ കർഷകരോട് സർക്കാർ കാണിക്കുന്ന അനീതിയിലും സപ്ലൈകൊ അളന്നെടുത്ത നെല്ലിന് പണം നൽകാത്തതിലും പ്രതിഷേധിച്ച് കപ്പൂർ പഞ്ചായത്ത് പാടശേഖര സമിതി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സെൻ്ററിൽ കർഷകർ  റോഡ് ഉപരോധ സമരം നടത്തി.  

കർഷകരിൽ നിന്ന് സപ്ലൈകോ അളന്നെടുത്ത നെല്ലിന് പി.ആർ.എസ് പോലും നൽകാതെ സർക്കാർ വഞ്ചിച്ചെന്ന് കർഷകർ ആരോപിച്ചു.  പഞ്ചായത്തിലെ 300 ഓളം കർഷകർക്ക്  പണം എന്ന് കിട്ടുമെന്ന് വ്യക്തമായ വിവരം നൽകാതെ കൃഷി വകുപ്പ്  ഒളിച്ച് കളിക്കുകയാണെന്നും കർഷകർ പരാതിപ്പെട്ടു. മൂന്ന് മാസം മുമ്പ് കപ്പൂർ പള്ളങ്ങാട്ട് ചിറയിലാണ് ജില്ലാ തല നെല്ല് സംഭരണ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തത്. 

പണം സഹകരണ ബാങ്ക് വഴി ഉടൻ നൽകുമെന്ന് പറഞ്ഞെങ്കിലും കർഷകർക്ക് മാസങ്ങളായിട്ടും നെല്ലിന് വില ലഭിച്ചില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.  പാടശേഖര സമിതി കോഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി അലി അനിക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.മൊയ്തീൻ ലിയാഖത്ത് അധ്യക്ഷത വഹിച്ചു. ഹസൈനാർ കണിക്കരത്ത്, സൈതലവി ഒതളൂർ, സുനിൽകുമാർ, ശക്തിധരൻ ആലൂർ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം