എറണാകുളം പെരുമ്പാവൂരിൽ ആൾക്കൂട്ട കൊലപാതകം: അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു

പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ചാണ് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നത്.  അസം സ്വദേശി നൂറുൽ ഹുസൈൻ (26) ആണ് കൊല്ലപ്പെട്ടത്.  സംഭവത്തിൽ അസം സ്വദേശികളായ ആറ്  തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.

അതിക്രൂരമായ മർദ്ദനമാണ് കൊല്ലപ്പെട്ട യുവാവ് നേരിട്ടത്. പ്ലൈവുഡ് കമ്പനിയിലെ മരത്തടി ഉപയോഗിച്ചാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവ സ്ഥലത്തുവെച്ച് തന്നെ നൂറുൽ ഹുസൈൻ മരിച്ചു. മർദ്ദിച്ചവർ തന്നെയാണ് താലൂക്ക് ആശുപത്രിയിൽ യുവാവിനെ എത്തിച്ചതെന്ന് പെരുമ്പാവൂർ ഇൻസ്പെക്‌ടർ എൽ. അനിൽകുമാർ പറഞ്ഞു. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദ്ദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

പെരുമ്പാവൂർ മുടിക്കലിലെ എ.എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു.

പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ബുധൻ പുലർച്ചെ അഞ്ച് മണിയോടെ കൊല്ലപ്പെട്ട യുവാവ് എത്തിയതായാണ് വിവരം. തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് മർദ്ദിക്കുകയായിരുന്നു. പെരുമ്പാവൂർ എ.എസ്‌.പി ഹാർദിക് മീണ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം