കുടകിലെ നിബിഡ വനത്തിൽ നാലു ദിവസം ഒറ്റപ്പെട്ടുപോയ ശരണ്യ നാദാപുരത്തെ വീട്ടിൽ തിരിച്ചെത്തി.

ഇയ്യങ്കോട്ടെ വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളായ ശരണ്യ, ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തിയത്. 

ട്രെക്കിങ് ഇനിയും തുടരും എന്നായിരുന്നു വീട്ടിലെത്തിയ ശേഷമുള്ള ശരണ്യയുടെ ആദ്യ പ്രതികരണം. മകളുടെ താൽപ്പര്യങ്ങൾക്ക് തടസ്സം നിൽക്കില്ലെന്ന് മാതാപിതാക്കളും വ്യക്തമാക്കി.

കുടകിലെ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്.  നാലു പകലും രാത്രിയും കൊടുംകാട്ടിൽ കുടുങ്ങിയിട്ടും ശരണ്യയുടെ ആത്മവിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല. വനമേഖലയിൽ മരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിലാണ് തിരച്ചിൽ സംഘം ശരണ്യയെ കണ്ടെത്തിയത്. 

കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനായി ഏപ്രിൽ രണ്ടിന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയിൽ നിന്ന് കുടകിലെത്തിയത്. നാപ്പോക്സുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടാം തിയതി രാവിലെ 8.15ഓടെ വനം വകുപ്പിൻ്റെ അനുമതി വാങ്ങി ട്രക്കിങ് ആരംഭിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കണക്കിലെടുത്ത് മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് ശരണ്യ സംഘത്തോടൊപ്പം ചേർന്നത്. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സിഗ്‌നൽ നഷ്‌ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്നാണ് ശരണ്യയെ കാണാതായെന്ന വിവരം പുറം ലോകമറിയുന്നത്. സുരക്ഷിതയായി ശരണ്യ തിരിച്ചെത്തിയതിൻ്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം