നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലിശ്ശേരി മെയിൻ റോഡിൽ കർണാടക റിസർവ് ഫോഴ്‌സിന്റെയും ചാലിശ്ശേരി പോലീസിന്റെയും നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് മാർച്ച് സംഘടിപ്പിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നടന്ന മാർച്ചിൽ അമ്പതോളം പേർ പങ്കെടുത്തു. കർണാടക പോലീസ് സബ് ഇൻസ്‌പെക്ടർ എച്ച്.എൻ ദിനേശ്, ചാലിശ്ശേരി പോലീസ് സബ് ഇൻസ്‌പെക്ടർമാരായ ബാബു ജോർജ്, അരവിന്ദാക്ഷൻ, ജ്യോതി പ്രകാശ് എന്നിവർ നേതൃത്വം നൽകി.
കൂടാതെ ചാലിശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ കാഞ്ഞിരത്താണി, കൂറ്റനാട്, കറുകപുത്തൂർ, ആറങ്ങോട്ടുകര, ചാലിശ്ശേരി എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലിശ്ശേരി അങ്ങാടിയിലും കേന്ദ്ര സേനയുടെ റൂട്ട് മാർച്ച് നടന്നു. ചാലിശ്ശേരി സ്റ്റേഷൻ ഓഫീസർ എം.എൻ. ബിജോയ്, സി.ഐ.എസ്.എഫ് സബ് ഇൻസ്പെക്ടർ മുനേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കേന്ദ്ര സേനാംഗങ്ങൾ റൂട്ട് മാർച്ചിൽ പങ്കെടുത്തു.
സ്റ്റേഷൻ പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലും ഇതിനകം കേന്ദ്ര സേനയുടെ റൂട്ട് മാർച്ച് പൂർത്തിയായതായി പോലീസ് SHO അറിയിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്.

