വികസിത കേരളത്തിനായി എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഐ.എൻ.എൽ

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഐ.എൻ.എൽ പാലക്കാട് ജില്ലാ പ്രവർത്തക സമിതി യോഗം അഭ്യർത്ഥിച്ചു.

കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്ഷേമ വികസന പദ്ധതികൾ തുടരുന്നതിനുവേണ്ടി എൽ.ഡി.എഫിൻ്റെ വിജയം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന് ആക്ഷേപിച്ച, പാവപ്പെട്ടവൻ്റെ വീടെന്ന സ്വപ്നം നിരാകരിച്ച, ലൈഫ് ഭവന പദ്ധതിയും കേരളത്തിൻ്റെ വികസന മുന്നേറ്റത്തിന് കരുത്തായ കിഫ്ബിയുൾപ്പെടെ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ് നേതൃത്വം കേരളത്തിൻ്റെ പുരോഗതി ആഗ്രഹിക്കുന്നില്ലെന്നാണ് അവരുടെ പ്രസ്താവനകളും പ്രവർത്തനങ്ങളും തെളിയിക്കുന്നത്. 

പൗരത്വ ഭേദഗതി ബില്ലിലൂടെയും വഖഫ് ബില്ലിലൂടെയും എഫ്.സി.ആർ.എ നിയമ ഭേദഗതിയിലൂടെയും മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മതന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ശ്രമിക്കുയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് സുരക്ഷിത സ്ഥാനമായി കേരളം മാറിയത് ഇടതു മുന്നണിയുടെ ഭരണമുള്ളതുകൊണ്ടാണ്. 

കഴിഞ്ഞ പത്തുവർഷം കേരളത്തിൽ സമാധാനം നിലനിർത്താൻ കഴിഞ്ഞത് എൽ.ഡി.എഫിൻ്റെ ഭരണനേട്ടമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലും പേമാരിയിലും മഹാമാരിയിലും പതറാതെ കേരളീയരെ ചേർത്തുപിടിച്ച ഈ സർക്കാരിനെതിരെ വ്യാജ പ്രചാരണങ്ങളും ദുരാരോപണങ്ങളും ഉന്നയിക്കുന്ന കാര്യത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ഒരേ മനസ്സാണ്. 

സംസ്ഥാനത്തുടനീളമുള്ള അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഭാഗമാണിതെന്നും യോഗം ആരോപിച്ചു. വികസന തുടർച്ചക്കും കേരളത്തിൻ്റെ നന്മക്കും എൽ.ഡി.എഫ് സർക്കാർ തുടരണമെന്നും അതിനായി ജനാധിപത്യ- മതേതര വിശ്വാസികൾ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും ഐ.എൻ.എൽ ജില്ലാ പ്രവർത്തക സമിതി യോഗം അഹ്വാനം ചെയ്തു. 

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അസീസ് പരുത്തിപ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.വി ബഷീർ, ട്രഷറർ വി.ടി ഉമ്മർ, അബ്ദു മാസ്റ്റർ അച്ചിപ്ര, കെ.വി അമീർ, മുസ്തഫ പുതുനഗരം, എസ്.ഷാജുദ്ദീൻ, സി.ഐ അബ്ദുറഹിം, അബ്ദു അലനല്ലൂർ, ടി.മൊയ്തീൻ, ഫാറൂഖ് പള്ളിപ്പുറം, എ.പി സുൽഫിക്കർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം