ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് പ്രവാസി യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍ പീടികയില്‍ പി.എം അഷറഫ്- സുനീത ദമ്പതികളുടെ മകന്‍ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം. പുത്തന്‍കാവ് പളളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ മാലക്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെയ് 15ന് ദുബായിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
അതേസമയം, തൃശൂരില്‍ നാലു കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് മിന്നലേറ്റത്. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നീ കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. എല്ലാവരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെയ്യാറ്റിന്‍കരയില്‍ വീടിന് മുകളില്‍ ഇടി മിന്നലേറ്റു. കെ.എസ്.ഇ.ബി മീറ്റര്‍ കരിഞ്ഞ നിലയിലാണ്. വീട്ടിലെ ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നാലുമണിക്ക് തുടങ്ങിയ മഴയ്ക്ക് പിന്നാലെയായിരുന്നു ഇടിമിന്നല്‍.
വാഴവിള സ്വദേശി ബൈജുവിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. വരും ദിവസങ്ങളിലും ഇടിയോടുകൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
