പ്രധാന നിരത്തിൽ മണ്ണിടിച്ചൽ ദുരിതം: ഒറ്റപ്പാലത്ത് ഗതാഗത കുരുക്ക് തീരാൻ രണ്ടാഴ്ച വേണ്ടി വരുമെന്ന് അധികൃതർ.

ഈസ്റ്റ് ഒറ്റപ്പാലത്ത് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം രണ്ടാഴ്ച തുടരും. ഒറ്റവരി യാത്ര മൂലം കുളപ്പുള്ളി- പാലക്കാട് റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

കുളപ്പുള്ളി-പാലക്കാട് സംസ്ഥാന പാതയിൽ ഒറ്റപ്പാലം കിഴക്കേ തോടിനു കുറുകെ പുതിയ പാലം നിർമ്മാണത്തിനിടെയാണ് നിലവിലെ പാലത്തിന്റെ അപ്രോച്ച് റോഡിൽ മണ്ണിടിഞ്ഞത്. കൊടുംചൂടിൽ സൂര്യാതപത്തിനു പുറമെ അശനിപാതം കൂടി വന്ന പ്രതീതിയാണ് ഇപ്പോൾ യാത്രക്കാർ അനുഭവിക്കുന്നത്.

നിലവിലെ പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന രണ്ടു വശങ്ങളിലും സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ടു കിഴക്കുഭാഗത്തു നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഘട്ടത്തിലാണ് ശക്തമായ മണ്ണിടിച്ചിലുണ്ടായത്. 

ഇതോടെ റോഡ് വീതി കുറഞ്ഞു ഗതാഗതം ഒറ്റവരിയായി മാറി. ശനിയാഴ്ച വൈകിട്ടു റോഡ് ഇടിഞ്ഞതിനു പിന്നാലെ രൂപപ്പെട്ട ഗതാഗതക്കുരുക്ക് ഇന്ന് നാലാം ദിവസവും തുടർന്നു.  

പ​ടി​ഞ്ഞാ​റ് ക​ണ്ണി​യം​പു​റം പാ​ലം മു​ത​ൽ കി​ഴ​ക്ക്  പത്തൊ​മ്പ​താം മൈ​ൽ വ​രേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ ​ നീണ്ട നി​ര കാണാമാ​യി​രു​ന്നു. ഇതുമൂലം നഗരത്തിലെ ഇതര റോഡുകളിലും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. 

നഗര പാതകളിൽ നിന്നു പ്രധാന പാതയിലേക്കു പ്രവേശിക്കാൻ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ബസ്സുകൾ ഉൾപ്പെടെ എ.സി ഇല്ലാത്ത വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ആകെ വലയുന്നത്. ബസ്സുകൾ സമയം തെറ്റി സർവീസ് നടത്തുന്നതും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. 

അഡ്വ. കെ.പ്രേംകുമാർ എം.എൽ.എയും സബ് കലക്ടർ അൻജീത് സിങ്ങും മണ്ണിടിഞ്ഞ ഭാഗം സന്ദർശിച്ചു. നഗരസഭാധ്യക്ഷ എം.കെ.ജയസുധ, ഉപാധ്യക്ഷൻ കെ.രാജേഷ് എന്നിവരും സ്ഥലം സന്ദർശിച്ചു. ഇന്നലെ കെ.പ്രേംകുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ ഗതാഗത ക്രമീകരണ സമിതി യോഗം ചേർന്നു സാഹചര്യങ്ങൾ വിലയിരുത്തി. 

മേയ് മൂന്നോടെ ഭിത്തി നിർമ്മാണം പൂർത്തിയാക്കി നാലോ അഞ്ചോ ദിവസം ബലപ്പെടുന്നതിനു സാവകാശം നൽകാനാണ് തീരുമാനം. 6 മീറ്റർ ഉയരത്തിൽ 11 മീറ്റർ നീളത്തിലാണ് സംരക്ഷണ ഭിത്തി നിർമ്മാണം. ഈസ്റ്റ് ഒറ്റപ്പാലത്തെ തോടിനു കുറുകെ നിലവിലെ പാലത്തിനു സമാന്തരമായാണ് പുതിയ പാലത്തിന്റെ നിർമ്മാണം. 

മംഗലം, മുളഞ്ഞൂർ, മുരുക്കുംപറ്റ, വരോട്, കോതകുറുശ്ശി, വാണിയംകുളം റൂട്ട് ഇന്നു മുതൽ ബദൽ പാതയായി പ്രയോജനപ്പെടുത്താനാണ് ധാരണ. എല്ലാ കവലകളിലും വഴി കാണിച്ചു ബാനറുകൾ സ്ഥാപിക്കും. അതേസമയം, ബസുകൾക്കും ഒറ്റപ്പാലം ടൗണിലേക്കുള്ള വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. 

ട്രാഫിക് ഡ്യൂട്ടിക്കു കൂടുതൽ പൊലീസിനെ വി‌ട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ട് കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും സമീപിച്ചതായി കെ.പ്രേംകുമാർ എം.എൽ.എ അറിയിച്ചു. 

കിഴക്കു ഭാഗത്തു നിർമ്മാണം പൂർത്തിയായി ഗതാഗതം പുനഃസ്ഥാപിച്ച ശേഷം പടിഞ്ഞാറ് ഭാഗത്തു സംരക്ഷണഭിത്തി നിർമ്മാണം നടത്തും. മേയ് പത്തോടെ ഇതു തുടങ്ങിയേക്കും. പടിഞ്ഞാറു ഭാഗം കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞതാണ്. പുതിയ പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ ഇരു പാലങ്ങളും ഗതാഗതത്തിനു വിനിയോഗിക്കാനാണ് പദ്ധതി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം