തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ കാണാതായ നാല് പേരെക്കൂടി ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.

പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിൻ്റെ മകൻ അഭിജിത്ത് (27), തൃശൂർ മനക്കൊടി കൊളാട്ട് വീട്ടിൽ വിജയന്റെ മകൻ വിഷ്‌ണു വിനോദ് (35), തൃശൂർ കോട്ടപ്പുറം പള്ളത്ത് കരുമാലി വീട്ടിൽ മോഹനൻ്റെ മകൻ ഗിരീഷ് (42), തൃശൂർ തെക്കുംകര ചോരത്ത് വീട്ടിൽ അയ്യപ്പൻ്റെ മകൻ സുരേഷ് (50) എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ഇതോടെ മരണസംഖ്യ 17 ആയി.

സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡി.എൻ.എ പരിശോധനാഫലം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നിരുന്നു.  വിഷയത്തിൽ സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങൾ ഉത്തരവായി പുറത്തിറക്കി. 

അപകട സ്ഥലത്തുനിന്ന് കണ്ടെടുത്ത ശരീര ഭാഗങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കും മറ്റു നടപടി ക്രമങ്ങൾക്കും ശേഷം ബന്ധുക്കളുടെ സമ്മത പ്രകാരം വിട്ടുനൽകാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു.

ഇതിന് പിന്നാലെ ശരീര ഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും യോഗം ചേർന്നു തീരുമാനിച്ചു.

ഡി.എൻ.എ പരിശോധന ഫലം, പൊലീസ് റിപ്പോർട്ട്, ഫോറൻസിക് സർജൻ്റെ റിപ്പോർട്ട് എന്നിവയുടെ അടി സ്ഥാനത്തിൽ പൂർണമായും ബന്ധുക്കളുടെ സമ്മതത്തോടെയാകും ശരീരഭാഗങ്ങൾ വിട്ടുനൽകുക. 

ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനായി ഇന്നലെ തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ മരിച്ചവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. ഡി.എൻ.എ ഫലങ്ങളടക്കമുള്ള കാര്യങ്ങൾ കലക്ടർ ബന്ധുക്കളെ ബോധ്യപ്പെടുത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശരീരഭാഗങ്ങൾ ഉടൻ തന്നെ കൈമാറും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം