സാധാരണ ഗതിയിലുള്ള ചൂടിനേക്കാൾ നാലു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ എടുത്തുകൊണ്ട് മാത്രം പുറത്തിറങ്ങണമെന്നാണ് നിർദ്ദേശം.
താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക കരുതൽ നൽകണം.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങേണ്ടി വന്നാൽ നിർബന്ധമായും പാദരക്ഷ, കുട എന്നിവ ഉപയോഗിക്കണം.
ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ തണലിൽ വിശ്രമിച്ചശേഷം ധാരാളം വെള്ളം കുടിക്കണം.
കട്ടികൂടിയ വസ്ത്രങ്ങൾ ഒഴിവാക്കുക, തണുത്ത വെള്ളം കൊണ്ട് ദേഹം തുടക്കുക, കാറ്റ് കൊള്ളുകയോ എ.സി ഉപയോഗിക്കുകയോ ചെയ്യുക.
അസ്വസ്ഥതകൾ മാറിയില്ലെങ്കിൽ ഉടൻ ചികിത്സ തേടണം. വളരെ ഉയർന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ പ്രഥമ ശുശ്രൂഷക്കുശേഷം ഉടൻ തന്നെ ചികിത്സ തേടണം.
ചൂട് കുരു ഉണ്ടായാൽ അധികം വെയിൽ ഏൽക്കാതിരിക്കാനും തിണർപ്പ് ബാധിച്ച ശരീര ഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കാനും ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
