അട്ടപ്പാടിയിൽ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

അഗളി പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്ത് കൽക്കണ്ടി ഊരുമൂപ്പൻ മാക്കുലൻ്റെ കൃഷിയിടത്തിലാണ് പത്തിനും 15നും ഇടയിൽ പ്രായം തോന്നിക്കുന്ന മോഴയാനയുടെ ജഡം കണ്ടെത്തിയത്.  ഇന്നലെയായിരുന്നു സംഭവം. കൃഷിയിടത്തിൽ പന്നികളെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് നിഗമനം. 

ആനയുടെ ജഡം കിടക്കുന്ന കൃഷിയിടത്തിന് ചുറ്റും സാധാരണ വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ട്. ഇത് മറികടന്ന് കൃഷിയിടത്തിനുള്ളിൽ കയറുന്ന കാട്ടുപന്നികളെ തടയുന്നതിനായി നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കുന്ന കെണിയുമുണ്ട്. ഇതിന് സമീപത്താണ് ആനയുടെ ജഡം കണ്ടെത്തിയത്.  ഈ കെണിയിൽ നിന്ന് ഷോക്കേറ്റാവാം ആന ചരിഞ്ഞതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂവെന്ന്സ്ഥ ലം സന്ദർശിച്ച മണ്ണാർക്കാട് ഡി.എഫ്.ഒ  സി.അബ്ദുൽ ലത്തീഫ് പറഞ്ഞു. 

ഇന്ന് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിക്കും. അട്ടപ്പാടി റേഞ്ച് ഓഫീസർ എൻ.സഫീറിൻ്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ് കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം