പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിയുടെ പരാജയം അപ്രതീക്ഷിതമെന്ന് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി. കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞുവീശിയ ഘട്ടത്തിലാണ് യുഡിഎഫിന് ഏറെ സ്വാധീനമുള്ള പട്ടാമ്പിയിൽ പരാജയം സംഭവിച്ചത്. യുഡിഎഫിന് അനുകൂലമായ ഭേദപ്പെട്ട ലീഡ് നില കൈവരിക്കാൻ ആയത് തിരുവേഗപ്പുറ പഞ്ചായത്തിൽ നിന്ന് മാത്രമാണ്. അതുപോലെതന്നെ യുഡിഎഫ് ശക്തി തെളിയിച്ച പ്രദേശങ്ങൾ മുസ്ലിം ലീഗ് സ്വാധീനമുള്ള മേഖലകളുമാണ്.
സ്ഥാനാർത്ഥി പ്രതിനിധീകരിച്ച മുനിസിപ്പാലിറ്റിയിൽ അവിടുത്തെ ജനപ്രതിനിധി ആയിട്ട് പോലും ശക്തി തെളിയിക്കാൻ കഴിയാതിരുന്നത് ആശ്ചര്യമുളവാക്കുന്നു. യുഡിഎഫിന് അനുകൂലമായ ഒരുപാട് ഘടകങ്ങൾ ജയമുറപ്പിക്കാനുണ്ടായിരുന്നു. സിറ്റിംഗ് എംഎൽഎയുടെ മണ്ഡലത്തോടുള്ള അവഗണന, ഭരണവിരുദ്ധത തുടങ്ങിയവ വോട്ടർമാരെ എൽ ഡി എഫിനെതിരാക്കിയിരുന്നു.
യുഡിഎഫ് മണ്ഡലം എന്ന നിലയിൽ പട്ടാമ്പി ജില്ലയിൽ ജയിക്കാവുന്ന മണ്ഡലങ്ങളിൽ ആദ്യനിരയിൽ തന്നെയായിരുന്നു. പട്ടാമ്പിയിൽ എന്നിട്ടും ജയം ഉറപ്പിക്കാൻ കഴിയാതെ വന്നത് യുഡിഎഫ് നേതൃത്വം പരിശോധിക്കണം.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാപക പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയും നടന്നിരുന്നു. പണം നൽകിയാണ് സീറ്റ് തരപ്പെടുത്തിയത് എന്ന രീതിയിലായിരുന്നു പ്രചരണം. അതിലെ തെറ്റിദ്ധാരണ മാറ്റാനായില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്ന ടിപി ഷാജി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് വീ ഫോർ പട്ടാമ്പി എന്ന സംഘടനയുണ്ടാക്കി യുഡിഎഫിനെ പരാജയപ്പെടുത്തിയതിലും ഭരണം നഷ്ടപ്പെടുത്തിയതിലും ടി പി ഷാജിയോട് പ്രവർത്തകർക്കുണ്ടായിരുന്ന അകൽച്ച മാറി വരുന്നേ ഉണ്ടായിരുന്നുള്ളു.
കഴിഞ്ഞ മുനിസിപ്പൽ ഇലക്ഷനു തൊട്ടു മുൻപ് മാത്രമാണ് ടി പി ഷാജി കോൺഗ്രസിന്റെ ഭാഗമായതും മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ചതും ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതും.
ഉടൻ നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയത് ശരിയായില്ല എന്ന അഭിപ്രായത്തിലായിരുന്നു യു.ഡി.എഫ് പ്രവർത്തകരിൽ ഏറെയും. പ്രവർത്തകരിലെ ഷാജി വിരുദ്ധത മാറ്റിയെടുക്കാൻ കുറഞ്ഞ സമയം കൊണ്ട് കഴിഞ്ഞില്ല.
പത്തുവർഷമായുള്ള എംഎൽഎ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായപ്പോൾ പുതുമുഖമായ യുഡിഎഫ് സ്ഥാനാർത്ഥി മണ്ഡലത്തിൽ ഭൂരിപക്ഷം പ്രദേശങ്ങളിലും അപരിചിതനായിരുന്നു.
യുഡിഎഫ് പ്രവർത്തകർ വിശ്രമരഹിത പ്രവർത്തനമാണ് കാഴ്ചവച്ചത്. യുഡിഎഫ് കേന്ദ്രങ്ങൾ വലിയ പിന്തുണ നൽകിയപ്പോൾ നിഷ്പക്ഷ വോട്ടുകൾ നഷ്ടമായി. ഓങ്ങല്ലൂർ അടക്കമുള്ള പഞ്ചായത്തുകളിൽ എസ്ഡിപിഐ വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വീണു.
2021ൽ മത്സരിച്ച റിയാസ് മുക്കോളി തന്നെ സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണം വോട്ടർമാർക്കിടയിൽ ഉണ്ടായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാനഘട്ടത്തിൽ റിയാസ് മുക്കോളി സ്ഥാനാർത്ഥിയല്ലാതിരുന്നത് അങ്ങനെ ആഗ്രഹിച്ച വലിയൊരു വിഭാഗം പ്രവർത്തകരിൽ നിരാശയുണ്ടാക്കി. കോൺഗ്രസ് ഭാഗത്തുനിന്നും നേതൃപരമായ ഇടപെടലുകൾ കുറഞ്ഞതും ചേരിതിരിവുകളും പരാജയതിന്റെ ആക്കം കൂട്ടി.അപ്പോഴെല്ലാം മുസ്ലിം ലീഗ് സ്വാധീനമേഖലകൾ ആണ് യുഡിഎഫിന് കൂടുതൽ ലീഡ് നൽകിയവയിൽ ഏറെയെന്നും നേതാക്കൾ പറഞ്ഞു.
222 ബൂത്തുകളിൽ 82 ബൂത്തുകളിലാണ് UDF ലീഡ് ചെയ്തത്. ഇതിൽ 72 ബൂത്തുകളും മുസ്‌ലിംലീഗ് ശക്തികേന്ദ്രങ്ങളാണ്. ഒട്ടു മിക്ക മുസ്‌ലിംലീഗ് നേതാക്കളുടെ ബൂത്തുകളിലും യു.ഡി.എഫ് ലീഡ് ചെയ്‌തു. മുസ്ലിം ലീഗിന് ശക്തിയുള്ള തിരുവേഗപ്പുറയിൽ മാത്രമാണ് ഒരു വ്യക്തമായ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേടാൻ ആയത്. മുസ്‌ലിം ലീഗ് കേന്ദ്രങ്ങളിൽ മാത്രം രണ്ടായിരത്തി എണ്ണൂറോളം വോട്ടുകൾക്ക് ലീഡ് ചെയ്തെങ്കിലും മറ്റിടങ്ങളിലെ വോട്ട് കുറവ് ലീഡ് ആയിരത്തി മുന്നൂറിലേക്കെത്തിച്ചു.
തിരുവേഗപ്പുറയിൽ ലീഡ് ലഭിച്ച പതിനെട്ടിൽ പതിനെട്ടും വിളയൂരിൽ ലീഡ് ലഭിച്ച പതിനൊന്ന് ബൂത്തുകളിൽ ഏഴും കുലുക്കല്ലൂരിൽ ലീഡ് ലഭിച്ച ഒമ്പതിൽ ഏഴും കൊപ്പത്ത് ലീഡ് ലഭിച്ച പതിനൊന്നിൽ പതിനൊന്നും മുതുതലയിൽ ലീഡ് ലഭിച്ച അഞ്ചിൽ അഞ്ചും പട്ടാമ്പിയിൽ ലീഡ് ലഭിച്ച എട്ടിൽ ആറും ഓങ്ങല്ലൂരിൽ ലീഡ് ലഭിച്ച എട്ടിൽ ആറും വല്ലപ്പുഴയിൽ ലീഡ് ലഭിച്ച പന്ത്രണ്ടിൽ പന്ത്രണ്ടും ലീഗ് സ്വാധീന മേഖലകളാണ് .
എന്നിട്ടും മുസ്‌ലിം ലീഗ് കേന്ദ്രങ്ങളിലും മുസ്ലിം ലീഗ് നേതാക്കളുടെ പ്രദേശങ്ങളിലും വോട്ടുചേർന്നെന്ന രീതിയിൽ നടത്തുന്ന പ്രചരണം ദുരുദ്ദേശപരമാണെന്നും നേതാക്കൾ അറിയിച്ചു.
പട്ടാമ്പിയിലെ പരാജയ കാരണം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുവാൻ ജില്ലാ യു.ഡി.എഫ് കമ്മിറ്റിയോട് ആവശ്യപ്പെടാനും തീരുമാനിച്ചതായി മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു
