പിഞ്ചുബാലൻ്റെ മരണം: തെളിവെടുപ്പിനെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റവും

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ അഷ്കറുമായി വീട്ടിൽ തെളിവെടുപ്പ് നടന്നു. ഇതിനകം പ്രതിയുടെ ക്രൂരകൃത്യങ്ങൾ അറിഞ്ഞ നാട്ടുകാർ രോഷാകുലരായിരുന്നു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതിക്കുനേരെ ജനരോഷം ഉയർന്നു. നാട്ടുകാർ അഷ്കറിനെ മർദ്ദിച്ചു. വളരെ ശ്രമപ്പെട്ടാണ് പൊലീസ് തെളിവെടുപ്പിനായി അഷ്കറിനെ വീട്ടിലേക്ക് എത്തിച്ചത്. 

പ്രദേശത്ത് വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. സമാനതകളില്ലാത്ത ക്രൂരതകളാണ് അഷ്കറിന്റെ പേരിൽ ആരോപിക്കപ്പെടുന്നത്. നിരന്തര മർദ്ദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണ് ഒന്നര വയസുകാരനായ അർഷാദ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ രണ്ടാനച്ഛനായ അഷ്കറിനെയും കുട്ടിയുടെ അമ്മ അഖിലയെയും പൊലീസ് അറസ്റ്റ് ചെയ്തു. പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്ക്കു താമസിക്കുകയാണ് ഇവർ.

ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്നു പറഞ്ഞ് വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്‌കർ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും പിഞ്ചോമന മരിച്ചു. പരിശോധനയിൽ തലയ്ക്കുപിന്നിൽ ശക്തമായി ക്ഷതമേറ്റ പാടും കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും കണ്ടെത്തി.  

അഷ്കർ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നെന്നും ഇതെല്ലാം അഖിലയ്ക്ക് അറിയാമായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. കുഞ്ഞിനെ വിട്ടുകിട്ടാനായി അഖിലയുടെയും ആദ്യഭർത്താവിന്റെയും വീട്ടുകാർ നിയമപരമായി നീങ്ങിയിരുന്നതായും പറയപ്പെടുന്നുണ്ട്.

വെള്ളിയാഴ്‌ച ഉച്ചയ്ക്ക് വാശി പിടിച്ച് കരഞ്ഞ കുഞ്ഞിൻ്റെ തലയ്ക്കു പിന്നിൽ അഷ്‌കർ അടിച്ചു. അടിയേറ്റ് വീണ കുഞ്ഞിനെ കട്ടിലിൽ കിടത്തി. കുഞ്ഞ് ഛർദ്ദിക്കുന്നതിന്റെ ശബ്ദം കേട്ടെത്തിയ പരിസര വാസികളോട് ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ പറഞ്ഞത്. ഇവരാണ് ആശുപത്രിയിലെത്തിക്കാൻ നിർബന്ധിച്ചത്.

വെങ്കിട്ടക്കാല സ്വദേശിനിയായ അഖിലയുടെ ആദ്യ ഭർത്താവ് പാലോട് സ്വദേശിയാണ്. ഒരുവർഷം മുമ്പ് ഇയാൾ ആത്മഹത്യ ചെയ്‌തു. പിന്നീടാണ് അഷ്കറെ കൂടെക്കൂട്ടിയത്.  നർത്തകിയായ അഖില ആഴ്‌ചകളായി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്‌നാട്ടിലായിരുന്നു. കുഞ്ഞും അഷ്കറും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഈ സമയങ്ങളിലൊക്കെ അഷ്‌കർ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. കുഞ്ഞിൻ്റെ ദേഹത്തെ മുറിവുകളും ചതവുകളുമെല്ലാം ഉരുണ്ടുവീണും തീയിൽ കളിച്ചുമൊക്കെ സംഭവിച്ചതാണെന്നാണ് അഷ്‌കർ ബന്ധുക്കളോട് പറഞ്ഞത്.

വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ അച്ഛൻ്റെ ബന്ധുക്കൾ ദുരൂഹതയാരോപിച്ച് പൊലീസിനെ സമീപിച്ചിരുന്നു. നെടുമങ്ങാട് പൊലീസ് അഷ്‌കറിനെയും അഖിലയെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.

കുഞ്ഞിനെ ഉയരത്തിൽ നിന്ന് തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും അഷ്കർ സമ്മതിച്ചു. അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചതെല്ലാം അഖിലയുടെ അറിവോടെ ആയിരുന്നെന്ന് പിതാവിന്റെ ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം പിതാവിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ കുഞ്ഞിൻ്റെ ജഡം സംസ്‌കരിച്ചു.

അതിനിടയിൽ കഴിഞ്ഞ ദിവസം രാത്രി അഷ്‌കറിൻ്റെ കാർ അജ്ഞാത സംഘം അടിച്ചു തകർത്ത സംഭവവുമുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം