മെയ് 28ന് ഉച്ചയോടെ ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയിൽ നിന്നാണ് പോലീസ് ചമഞ്ഞ് യുവാവ് തട്ടിപ്പ് നടത്തിയത്.
കൊല്ലം സ്വദേശിയായ അഖിൽരാജ് ആണെന്നും ഏഴു മാസമായി ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസാണെന്നും സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ജ്വല്ലറി ഉടമയായ ഗണേശനെ തെറ്റിദ്ധരിപ്പിച്ചത്. ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരുകൾ കൂടി പറഞ്ഞതോടെ പ്രതിയെ വിശ്വാസത്തിലെടുത്ത ജ്വല്ലറി ഉടമ ഇയാൾ ആവശ്യപ്പെട്ട സ്വർണം നൽകുകയായിരുന്നു.
കൈ ചെയിൻ, മോതിരം എന്നിവ വാങ്ങി 1,29,500 രൂപ അക്കൗണ്ടിലേക്ക് അയച്ച മെസേജ് ജ്വല്ലറി ഉടമയെ കാണിച്ച് സ്വർണ്ണവുമായി ഇയാൾ പോയി. പിന്നീട് വൈകീട്ട് നാലിന് തിരിച്ചെത്തി ഭാര്യാ സഹോദരന് സമ്മാനമായി നൽകാനാണെന്ന് പറഞ്ഞു ഒരു കൈ ചെയിൻ കൂടി വാങ്ങി.
ഇതിൻ്റെ തുകയായ 1,31,000 രൂപ അക്കൗണ്ടിൽ അയച്ചതിൻ്റെ മെസേജ് ജ്വല്ലറി ഉടമയ്ക്ക് കാണിച്ച് ഇയാൾ തിരിച്ചു പോയി. പിന്നീട് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ടിൽ എത്തിയില്ലെന്ന് അറിയുന്നത്. മൊത്തം 2,60,500 രൂപയുടെ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്.
ജ്വല്ലറി ഉടമയുടെ പരാതി പ്രകാരം പൊലീസ് സി.സി.ടി.വി പരിശോധിച്ചപ്പോളാണ് പ്രതി സ്ഥിരം തട്ടിപ്പ് വീരനായ തിരുവനന്തപുരം സ്വദേശി ചാമരത്ത് മനു (36) ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ ഗോവയിൽ നിന്ന് പിടികൂടിയത്. ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്നും ഞായറാഴ്‌ച പുലർച്ചയോടെയാണ് ബേക്കൽ പൊലിസ് മനുവിനെ പിടികൂടിയത്.
തൊണ്ടിമുതൽ കണ്ടെടുക്കാനായിട്ടില്ല. മംഗളൂരുവിൽ വിറ്റതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇതിനായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു.
