ആറങ്ങോട്ടുകര മുല്ലക്കൽ ഭഗവതി ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കുന്നത്ത് പുരക്കൽ രാമചന്ദ്രൻ (74) ശില്പ നിർമ്മാണ കലയിൽ ഇന്നും സജീവം.
മരത്തടിയിലും, സിമന്റിലും, പ്ലാസ്റ്റർ ഓഫ് പാരിസിലും, കളിമണ്ണിലുമായി ഒട്ടനേകം ശിൽപ്പങ്ങൾ ഇതിനകം രാമചന്ദ്രൻ പൂർത്തിയാക്കിയിട്ടുണ്ട്.
അമേരിക്കയിലെ ബോസ്റ്റൺ, മിഡിൽ ഈസ്റ്റിലെ ഖത്തർ, ദുബൈ, ഇന്ത്യൻ നഗരമായ ബാംഗ്ലൂർ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങൾ, കേരളത്തിൽ വിവിധ സ്ഥലങ്ങളിലെല്ലാം ചൈതന്യം തുളുമ്പുന്ന ഒട്ടനവധി ശില്പങ്ങൾ ഇടം പിടിച്ചു കഴിഞ്ഞു. വീടുകൾക്കുള്ളിലും മട്ടുപ്പാവിലും ഓഫീസുകളിലും രാമചന്ദ്രൻ്റെ ശില്പങ്ങൾ കാണാം.
കാവേരി, കഥകളി, ശ്രീബുദ്ധൻ, ഗണപതി, ശ്രീകൃഷ്ണൻ തുടങ്ങിയ പൂർണ്ണകായ ശില്പങ്ങൾ രാമചന്ദ്രന്റെ കരവിരുത് തെളിയിക്കുന്നവയാണ്.
ശില്പകലയിൽ മാത്രമല്ല സ്കൂൾ കാലം മുതൽ അഭിനയത്തിലും സംഗീതത്തിലും തൽപരനായ രാമചന്ദ്രൻ എഴുത്തിലും പെയിന്റിംഗ് ആർട്ടിലും തൻ്റെതായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
ചിത്രകലാകാരൻ കൂടിയായ രാമചന്ദ്രൻ തൻ്റെ വീട്, ചൂടിനെയും തണുപ്പിനെയും ഫലപ്രദമായി പ്രതിരോധിക്കുന്ന രീതിയിൽ രൂപ കൽപ്പന ചെയ്താണ്
പണിതത്. ജീവിതത്തിലുടനീളം പ്രകൃതിയോടുള്ള തൻ്റെ ഇഴയടുപ്പം രാമചന്ദ്രൻ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് ജീവിത ശൈലിയിലും കലയിലും വ്യക്തമായി പ്രതിഫലിക്കുന്നുമുണ്ട്. വാർദ്ധക്യത്തിലും സർഗയൗവനം കാത്തു സൂക്ഷിക്കുന്ന കലാകാരനാണ് രാമചന്ദ്രൻ.
ദേശമംഗലം കൊണ്ടയൂർ പടിഞ്ഞാറ്റുമുറി സ്വദേശി പ്രേമയാണ് ഭാര്യ. ബംഗളൂരുവിൽ ജോലിചെയ്യുന്ന രമ്യയും, രാഹുലും മക്കളാണ്. അനീഷ്, രശ്മി എന്നിവർ മരുമക്കളാണ്. കുടുംബം ഒന്നടങ്കം നൽകുന്ന പിന്തുണയാണ് രാമചന്ദ്രനെ മുന്നോട്ടു നയിക്കുന്നത്.


🙏❤️❤️
മറുപടിഇല്ലാതാക്കൂ