ചാലിശ്ശേരിയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ചായക്കട നടത്തുന്ന കവുക്കോട് കളിയത്ത് വീട്ടിൽ പ്രകാശനെ (63) യാണ് ചായ ദിനത്തിൽ ആദരിച്ചത്.
മാധ്യമ പ്രവർത്തകൻ പ്രദീപ് ചെറുവാശേരിയുടെ നേതൃത്വത്തിലായിരുന്നു ആദരം സംഘടിപ്പിച്ചത്. പ്രകാശൻ്റെ വീട്ടിലാണ് ആദരച്ചടങ്ങ് നടന്നത്. ചാലിശ്ശേരി പഞ്ചായത്തംഗം എ.വിജയൻ പൊന്നാട അണിയിച്ചു. പ്രദീപ് ചെറുവാശേരി, മൂസക്കുട്ടി കൊലഴി, ജയൻ ചാത്തമംഗലത്ത് എന്നിവർ സംസാരിച്ചു. പ്രദേശവാസികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം 1993 മാർച്ച് ഒന്നിനാണ് നാല് ചക്ര വാഹനത്തിൽ പ്രവർത്തിക്കുന്ന ചെറിയ ചായക്കട പ്രകാശൻ ആരംഭിച്ചത്. ഏതെങ്കിലും തരത്തിൽ പ്രതിസന്ധി നേരിട്ടാൽ എങ്ങോട്ടു വേണമെങ്കിലും ഉരുട്ടിക്കൊണ്ടു പോവാം എന്നതായിരുന്നു ആശ്വാസം.
തട്ടുകടയുടെ തകര ഷീറ്റുകൾ കാലപ്പഴക്കം ബാധിച്ചതിനാൽ ടാർപായ കൊണ്ട് കവചം ഉണ്ടാക്കിയാണ് കച്ചവടം നടത്തുന്നത്.
ഉയരം കൂടും തോറും തേയിലക്ക് രുചി കൂടുമെന്ന പരസ്യ വാചകം പോലെ, തട്ടുകടകൾ ഫുഡ് കോർട്ടായി മാറുന്നതു പോലെ കാലമേറെ മാറിയിട്ടും പ്രകാശൻ്റെ ചായക്കട മാത്രം ഇന്നും മാറ്റമില്ലാതെ മുന്നേറുകയാണ്.
പഫ്സും ബൾഗറും ഐസ് ക്രീമും പ്രധാന വിഭവമാക്കിയ യുവാക്കളും പഴയ തലമുറക്കാരും സ്കൂൾ കുട്ടികളുമെല്ലാം ഇന്നും പ്രിയപ്പെട്ട ഇടമായി കാണുന്നത് പ്രകാശൻ്റെ ചായക്കട തന്നെയാണ്.
ദൂരസ്ഥലങ്ങളിൽ നിന്നുപോലും എണ്ണക്കടി വാങ്ങുവാൻ ധാരാളമാളുകൾ എത്താറുണ്ട്. വിപണിയിൽ ലഭിക്കുന്ന മുന്തിയ നിലവാരമുള്ള പരിപ്പ് വാങ്ങിയാണ് വട ഉണ്ടാക്കുന്നത്. ചൂടുള്ള ചായക്കൊപ്പം മൊരിഞ്ഞ പരിപ്പ് വടയും കഴിക്കാൻ എത്തുന്നവരുടെ തിരക്കുണ്ട്.
വർഷങ്ങളായി നാട്ടുകാരുടെ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും പിന്തുണയിൽ തട്ടുകട തട്ടി മുട്ടി നീങ്ങുകയാണ്.
മാറ്റത്തിൻ്റെ കുത്തൊഴുക്കിലും ഗതകാല നന്മയും സ്നേഹവും വിശ്വാസവും ആത്മാർത്ഥതയും മധുരവും ഇന്നും അതേപടി നിലനിർത്തുന്ന ഒരിടമായി ചായ മക്കാനി മാറിയിട്ടുണ്ട്
ചായയ്ക്ക് തേയില പോലെ ജീവിതത്തിന് സ്നേഹവും അനിവാര്യമെന്ന ലളിതമായ ജീവിത പാഠമാണ് പ്രകാശനെ നയിക്കുന്നത്.
ചെറുപ്പത്തിൽ നാടൻ പണിക്കാരനായി ജീവിതം നയിച്ച പ്രകാശന് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതോടെയാണ് ചായക്കടയിലേക്ക് ജീവിതം നുള്ളിയിട്ടത്.
ആ ചെറിയ തുടക്കം പിന്നീട് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സൗഹൃദ കേന്ദ്രമായി മാറുകയായിരുന്നു. രാവിലെ ഏഴിന് തുടങ്ങുന്ന കച്ചവടം വൈകുന്നേരം വരെ ഉണ്ടാവും.
അതേസമയം ഗ്യാസിന്റെ വില വർധിച്ചതും പുതുതലമുറ ന്യൂജൻ പലഹാരങ്ങളിലേക്ക് തിരിയുന്നതും കച്ചവടത്തെ ചെറിയ തോതിൽ ബാധിക്കുന്നുണ്ടെന്ന് പ്രകാശൻ പറയുന്നു.
എങ്കിലും ഇന്ന് ഇത് ഒരു തട്ടുകട മാത്രമല്ല, മനുഷ്യ സ്‌നേഹത്തിന്റെ മേൽവിലാസം കൂടിയാണ് എന്ന് പറയാം.
സുനിതയാണ് പ്രകാശൻ്റെ സഹധർമ്മിണി. അഖിൽ, അഭിജിത്ത് എന്നിവർ മക്കളാണ്.

