തൃത്താല മണ്ഡലത്തിൽ നേരത്തെ നെല്ല് സംഭരിച്ച മുഴുവൻ കർഷകർക്കും വരുന്ന തിങ്കളാഴ്ചയോടുകൂടി പി.ആർ.എസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി വി.ടി ബൽറാം എം.എൽ.എ അറിയിച്ചു.
സപ്ലൈകോ അധികൃതർ ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.എയായി ചുമതലയേറ്റ ശേഷം വകുപ്പുതല ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യത്തെ ഔദ്യോഗിക യോഗത്തിലാണ് കർഷകർക്ക് ആശ്വാസമേകുന്ന ഈ തീരുമാനം.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അധിക തൂക്കത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾക്കും യോഗത്തിൽ പരിഹാരമായിട്ടുണ്ട്. ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ഗ്യാരന്റിയോടെ കേരള ബാങ്കിന് കൂടുതൽ പണം അനുവദിക്കാനും, അതുവഴി പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്ക് വായ്പ നൽകി കർഷകരിലേക്ക് എത്രയും വേഗം തുക എത്തിക്കാനുമാണ് ഇപ്പോൾ ശ്രമം നടത്തി വരുന്നതെന്നും എം.എൽ.എ പറഞ്ഞു.
എ.ഡി.എ, സപ്ലൈകോ പാഡി മാർക്കറ്റിംഗ് ഓഫീസർ, വിവിധ കൃഷിഭവനുകളിലെ കൃഷി ഓഫീസർമാർ, ബാങ്ക് പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചാണ് എം.എൽ.എ അടിയന്തര യോഗം വിളിച്ചു ചേർത്തത്.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാരിയത്ത് കിബ്ത്തിയ, കൃഷി ഓഫിസർമാർമാരായ മുഫീദ നീതു തൃത്താല, സൂര്യ ചാലിശ്ശേരി, ബിഷാര തിരുമിറ്റക്കോട്, ആയിഷ കപ്പൂർ, ശ്രീലക്ഷ്മി പട്ടിത്തറ, സൂര്യ നാഗലശ്ശേരി, ആനക്കര കൃഷി അസിസ്റ്റന്റ് സുജ്‌ന, സഹകരണ ബാങ്ക് സെക്രട്ടറിമാരായ കെ.പ്രമീള (തൃത്താല), കെ.കെ മണികണ്ഠൻ (തിരുമിറ്റക്കോട്), എം.സന്തോഷ് (പട്ടിത്തറ), എൻ.കൃഷ്ണകുമാർ (നാഗലശ്ശേരി), ചാലിശ്ശേരി സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി വി.വിനീത എന്നിവർ പങ്കെടുത്തു.
