കപ്പൂരിലെ മണ്ണെടുപ്പിന് തഹസിൽദാരുടെ സ്റ്റോപ്പ് മെമ്മോ

പട്ടാമ്പി താലൂക്കിൽ കപ്പൂർ വില്ലേജിലെ പള്ളങ്ങാട്ടുചിറ - കവുക്കോട് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ കൈവശ സ്ഥലത്തു നിന്നും മണ്ണെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകി. 

ഇവിടെ നിന്നും മണ്ണെടുക്കുന്നതിനായി നേരത്തെ ജിയോളജി വകുപ്പ് അനുമതി നൽകിയിരുന്നതാണ്. എന്നാൽ രാവിലെ എഴുതുന്ന പാസ് മായ്ച്ചുകളയാവുന്ന മഷി കൊണ്ട് എഴുതി പിന്നീട് അതില്‍ തന്നെ വീണ്ടും പുതിയ സമയം എഴുതി ഉപയോഗിക്കുന്നതായി പരാതി ഉയർന്നിരുന്നു.

ഇക്കാര്യം അന്വേഷിക്കാൻ പട്ടാമ്പി തഹസിൽദാർ ടി. സുജിത്തിൻ്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം  സ്ഥലം സന്ദർശിക്കുകയും പാസിൽ തിരുത്തൽ വരുത്തി മണ്ണ് കടത്തിയിരുന്ന മൂന്ന് ടോറസ് ലോറികൾ പിടിച്ചെടുക്കുകയും ചെയ്തു. 

പാസ് അനുവദിച്ച സ്ഥലത്തിന് തൊട്ടടുത്തുള്ള സ്ഥലത്തു നിന്നും അനുമതിയില്ലാതെ വൻ തോതിൽ മണ്ണു കടത്തി വരുന്നതായും പരിശോധനയിൽ കണ്ടെത്തി. 

ഒരു സ്ഥലത്തേക്ക് അനുവദിച്ച പാസ് ഉപയോഗിച്ച് മറ്റു സ്ഥലങ്ങളിൽ നിന്നും മണ്ണ് കടത്തിയതിനാലും പാസിൽ കൃത്രിമം കാണിച്ചതിനാലും ബാക്കിയുള്ള ജിയോളജി പാസുകൾ റവന്യൂ സംഘം പിടിച്ചെടുക്കുകയും മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

അനധികൃത മണ്ണെടുപ്പിനും നിലം നികത്തലിനുമെതിരെ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനും നടപടിയെടുക്കാനും നിർദ്ദേശം നൽകിയതായി തഹസിൽദാർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം