പതിനാറാം നിയമസഭയിൽ സാമാജികനായി എത്തിയ ചാണ്ടി ഉമ്മൻ്റെ സൈക്കിളായിരുന്നു ഇന്ന് വാർത്തകളിൽ നിറഞ്ഞു നിന്ന താരം. എല്ലാ ചാനലുകളും ചാണ്ടി ഉമ്മൻ്റെ സൈക്കിളിനെ ലൈവാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്തും ചാണ്ടി ഉമ്മൻ സൈക്കിളിലായിരുന്നു യാത്ര. സ്ഥാനാർത്ഥിയുടെ പ്രചാരണ രംഗത്തെ ലാളിത്യവും എളിമയും ജനം നെഞ്ചോടു ചേർത്തതിനാൽ 52907 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് രണ്ടാം തവണയും നിയമസഭയിൽ എത്തിയത്.
എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യാനും പുതുപ്പള്ളി ഹൗസിൽ നിന്ന് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത് ഇലക്ട്രിക് സൈക്കിളിലാണ്. അതുകൊണ്ടാണ് ചാണ്ടി ഉമ്മൻ ദൃശ്യമാധ്യമങ്ങൾക്ക് കാഴ്ച വിരുന്നായത്.
സാധാരണക്കാരുമായി വളരെ എളുപ്പത്തിൽ ഇടപഴകാനുള്ള മാർഗമെന്ന നിലയിലാണ് ചാണ്ടി ഉമ്മൻ ഇലക്ട്രിക് സൈക്കിളിൽ പ്രചാരണത്തിനിറങ്ങിയത്. ഈ പ്രചാരണം അക്ഷരാർത്ഥത്തിൽ ഫലം കണ്ടുവെന്നതിന്റെ പ്രതിഫലനമായിരുന്നു പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകന്റെ വൻ വിജയം.
ഇനി ഈ സൈക്കിളിൻ്റെ കഥയിലേക്ക് വരാം. ഇത് ഒരു ഒന്നൊന്നര സൈക്കിളാണ്. എൻ.എഫ്.ബി.ഐയുടെ ഹൈബ്രിഡ് ഇലക്ട്രിക് സൈക്കിളാണ് ചാണ്ടി ഉമ്മൻ ഉപയോഗിക്കുന്നത്. മോട്ടോർ ഉപയോഗിച്ച് വേഗത്തിൽ പോകുന്നതിനൊപ്പം ചവിട്ടിക്കൊണ്ട് പോകാമെന്ന പ്രത്യേകതയും ഇതിനുണ്ട്.
250 വാട്ട് ഹെവി ഡ്യൂട്ടി ബി.എൽ.ഡി.സി ഹബ് മോട്ടോറാണ് ഐ ബൈക്ക് 3X9ന് കരുത്താകുന്നത്. ഊരിയെടുത്ത് ചാർജ്ജ് ചെയ്യാൻ സാധിക്കുന്ന 36 വോൾട്ട് 7.5 എച്ച് ലിഥിയം ബാറ്ററിയാണ് ഈ സൈക്കിളിനുള്ളത്.
പരുക്കൻ റോഡുകൾക്കും ഓഫ് റോഡ് യാത്രകൾക്കും അനുയോജ്യമായ 26x4 ഇഞ്ച് ഫാറ്റ് ടയറുകളാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 21 സ്പീഡ് ഗിയർ സിസ്റ്റമാണ് ഇതിനുള്ളത്. വേഗതയും ബാറ്ററി അടക്കമുള്ള വിവരങ്ങൾ കാണിക്കുന്ന എൽ.ഇ.ഡി ക്ലസ്റ്ററും 3X9നുണ്ട്.
ഡ്യുവൽ ഡിസ്ക് ബ്രേക്ക്, ഫ്രണ്ട് സസ്പെൻഷൻ, എൽ.ഇ.ഡി ഹെഡ്‌ലൈറ്റ്, വാക്കിംഗ് അസിസ്റ്റ് മോഡ് എന്നിവ അടക്കമുള്ള ഫീച്ചറുകളും ഈ സൈക്കിളിനുണ്ട്.
ഇനി വില എത്രയെന്ന് അറിയണ്ടേ ? 63,700 രൂപയോളമാണ് ബൈക്ക് 3X9ന്റെ വില. ഹൈഡ്രോ കാർബൺ അലോയ് കൊണ്ടാണ് സൈക്കിളിന്റെ ഫ്രെയിം നിർമ്മിച്ചിട്ടുള്ളത്. കാനേഡിയൻ ഡിസൈൻ അനുസരിച്ച് ഇന്ത്യയിൽ നിർമ്മിച്ചതാണ് ഈ ഹൈബ്രിഡ് സൈക്കിൾ. പഴയ ഹീറോ, ഹെർക്കുലിസ് സൈക്കിളുകൾ ഇനി ഹൈബ്രിഡ് സൈക്കിളുകൾക്ക് വഴിമാറേണ്ടി വരും.
