മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻ്റ് ആയിരുന്ന ചന്ദ്രനാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം. മലമ്പുഴ വെള്ളെഴുതാം പാറ അകമലവാരം ആദിവാസി ഉന്നതിയിലെ ചന്ദ്രനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
ചന്ദ്രന്റെ ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ചന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ചന്ദ്രനെ കാട്ടാന ആക്രമിക്കുന്നത് കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. കാട്ടാനയെ തുരത്താനോ ചന്ദ്രനെ രക്ഷിക്കാനോ കഴിഞ്ഞില്ല.
ആക്രമണം നടന്ന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചന്ദ്രനും സുഹൃത്തുക്കളും വീട്ടിൽ നിന്ന് 50 മീറ്റർ ദൂരത്താണ് കിടന്നുറങ്ങിയിരുന്നത്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്തുന്നുണ്ടെന്ന് ഒലവക്കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
