ത്യാഗസ്മരണകൾ തിരയടിച്ച ബലി പെരുന്നാൾ പ്രഭാതത്തിൽ മരണ ശിക്ഷയിൽ നിന്ന് ജീവൻ തിരിച്ചു പിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം സ്വാതന്ത്ര്യത്തിൻ്റെ ചിറകിലേറി ജന്മനാട്ടിലെത്തി.
രണ്ട് പതിറ്റാണ്ടുകാലത്തെ ജയിൽ വാസത്തിന് ശേഷം രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്‌പ്രസിൽ കരിപ്പൂരിൽ റഹീം വിമാനമിറങ്ങി.
വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം റഹീം എല്ലാവർക്കും പൊട്ടിക്കരഞ്ഞു കൊണ്ട് നന്ദി പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി റഹീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി യിരുന്നു. തുടർന്ന് റഹീം കോടമ്പുഴയിലെ വീട്ടിലേക്ക് പുറപ്പെട്ടു.
വീട്ടിലെത്തിയപ്പോൾ വൻ ജനാവലിയാണ് റഹീമിനെ കാണാൻ കാത്തുനിന്നത്. ഉമ്മയെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ റഹീമിനെ കവിളിലൊരുമ്മ നൽകി പാത്തുമ്മ സ്വീകരിച്ചു. 'ഉമ്മാ ഞാനെത്തി’ എന്ന് പറഞ്ഞാണ് റഹീം വീട്ടിൽ കയറിയത്. പിന്നെ പൊട്ടിക്കരച്ചിലായി. റഹീമിനെ കാത്തു നിന്നവരുടെ കണ്ണുകളിലും ആനന്ദാശ്രു പൊഴിഞ്ഞു.
നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് മോചനദ്രവ്യം നൽകി റഹീം ജയിൽ മോചിതനായത്. തിരിച്ചു വരാൻ കഴിയുമെന്ന് പ്രതീക്ഷയില്ലാതെ കഴിഞ്ഞിരുന്ന റഹീം കോടമ്പുഴയിലെ വീട്ടുമുറ്റത്ത് കാലു കുത്തുമ്പോൾ പുനർജന്മത്തിൻ്റെ നോവിലായിരുന്നു.
ഇന്നേവരെ റഹീമിനെ കാണാത്ത ബന്ധുക്കളും നാട്ടുകാരും കാണാൻ എത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവർക്ക് പോലും ഈ സമാഗമം അപൂർവ്വ കാഴ്ചയായിരുന്നു.
ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിൻ്റെ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തിയത്.
നിയമ നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രിയോടെയാണ് റിയാദിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
റഹീം കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐ.എക്സ് 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ഇക്കഴിഞ്ഞ മെയ് 26നാണ് റഹീമിൻ്റെ മോചന ഉത്തരവ് ലഭിച്ചത്. ഇതോടെ എക്സിറ്റ് വിസ ലഭിച്ചു. തുടർന്ന് സഹായ സമിതി നാട്ടിലേക്കുള്ള യാത്രാ നടപടികൾ വേഗത്തിലാക്കി. ബുധനാഴ്ച ഉച്ചയോടെ ജയിലിൽ നിന്നും നാടുകടത്തൽ സെല്ലിലേക്ക് മാറ്റിയ റഹീമിനെ, രാത്രിയോടെ വിമാനത്താവളത്തിൽ എത്തിച്ചു. പിന്നീട് വിരലടയാളം രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.
റിയാദ് അൽ ഖർജ് റോഡിലെ ഇസ്കാൻ ജയിലിലായിരുന്ന റഹീം, സൗദി ബാലൻ മരിച്ച കേസിൽ 20 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയാണ് മടങ്ങുന്നത്.
2006 നവംബറിൽ ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയ റഹീം, സ്പോൺസറുടെ ശാരീരിക ബുദ്ധിമുട്ടുകളുള്ള മകനെ പരിചരിക്കുന്നതിനിടയിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടാകുന്നത്.
വാഹനത്തിൽ വെച്ച് കുട്ടി അക്രമാസക്തനാകാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെ, അബദ്ധത്തിൽ കൈതട്ടി കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണം തകരാറിലാവുകയും ശ്വാസതടസ്സം മൂലം കുട്ടി മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ റഹീമിന് കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതി അത് ശരിവെക്കുകയും ചെയ്തു.
വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കുട്ടിയുടെ കുടുംബം 'ദിയാധനം' സ്വീകരിച്ച് മാപ്പ് നൽകുക മാത്രമായിരുന്നു ഏക വഴി. തുടക്കത്തിൽ വിധി നടപ്പാക്കണമെന്ന നിലപാടിലായിരുന്ന കുട്ടിയുടെ കുടുംബവുമായി, റിയാദ് പൊതു സമൂഹത്തിൻ്റെ പിന്തുണയോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും നിരന്തരം ചർച്ചകൾ നടത്തി.
ഇതിനിടെ സുപ്രീം കോടതിയിൽ നിന്ന് താൽക്കാലിക സ്‌റ്റേ സമ്പാദിച്ചെങ്കിലും അത് നീക്കാൻ വാദി ഭാഗം ആവശ്യപ്പെട്ടതോടെ റഹീമിൻെറ ജീവൻ വീണ്ടും അപകടത്തിലായി. എന്നാൽ കമ്മിറ്റി ശ്രമങ്ങൾ തുടരുകയും ഒടുവിൽ 15 മില്യൺ സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് കുട്ടിയുടെ കുടുംബം സമ്മതിക്കുകയുമായിരുന്നു.
ഇത്രയും വലിയ തുക സമയ ബന്ധിതമായി കണ്ടെത്തുക അസാധ്യമെന്ന് തോന്നിച്ചെങ്കിലും, ആഗോള മലയാളി സമൂഹം ഒത്തൊരുമയോടെ കൈകോർത്തതോടെയാണ് ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ മഹാദൗത്യം വിജയത്തിലെത്തിയത്.
2024 ലെ ചെറിയ പെരുന്നാൾ കാലത്താണ് റഹീമിനായുള്ള ഫണ്ട് സമാഹരണം പൂർത്തിയായത്. റമദാൻ 27 മുതൽ ഒഴുകി വന്ന തുക ലക്ഷ്യത്തിലെത്തിയത് ഒരു പെരുന്നാൾ ദിനം ഉച്ചയോടെയായിരുന്നു. റഹീമിൻ്റെ മോചനത്തിന് ശേഷമുള്ള നാട്ടിലേക്കുള്ള മടക്കയാത്രയും ഒരു പെരുന്നാൾ ദിനത്തിലായത് തികച്ചും യാദൃശ്ചികമാവാം. ആഗോള മലയാളി സമൂഹത്തിൻ്റെ സ്നേഹത്തണലാണ് റഹീമിൻ്റെ മോചനത്തിന് ചിറക് നൽകിയത്.
