മൂന്ന് പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ ചിരിയരങ്ങ് തീർത്ത പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാർ ഓർമയായി.

എറണാംകുളം അമൃത  ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ് അന്ത്യം. 57 വയസുണ്ട്. ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വെൻ്റിലേറ്ററിലായിരുന്നു. രാത്രി 10.45 ഓടെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും. 

ഇന്ന് രാവിലെ ഒമ്പത് മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം തുടങ്ങിയപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. മുഖ്യമന്ത്രി വി.ഡി സതീശൻ പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും.

ഹാസ്യകഥാപാത്രങ്ങളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് വിടവാങ്ങിയത്. മിമിക്രി വേദികളിലൂടെ സിനിമയിൽ എത്തിയ സലിം കുമാർ ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ്. 

1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ ചിറ്റാട്ടുകരയിൽ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായാണ് ജനനം. കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള വേദികളിലൂടെയാണ് ടെലിവിഷൻ രംഗത്തേക്കും പിന്നാലെ സിനിമയിലയിലേക്കുമെത്തിയത്. 'ഇഷ്ടമാണ് നൂറുവട്ടം' ആണ് ആദ്യസിനിമ. അന്നുമുതൽ ഇന്നുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളികളെ ചിരിപ്പിക്കുക മാത്രമല്ലാ സാമൂഹിക വിഷയങ്ങളിലുൾപ്പെടെ നിലപാടുകൾ പങ്കുവെച്ച് ചിന്തിപ്പിക്കാനും സലിം കുമാർ ശ്രദ്ധിച്ചിരുന്നു.

അഭിനയ ജീവിതത്തിനപ്പുറം സംവിധായകൻ, എഴുത്തുകാരൻ എന്ന മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. 2000ൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി- മെക്കാർട്ടിൻ ടീം സലീമിനെ വിളിക്കാൻ കാരണമായത്. 

തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന്റെ ഹാസ്യകഥാപാത്രങ്ങൾ നിരവധി പുറത്തിറങ്ങി. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാൽ, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ വക്കീൽ മുകുന്ദനുണ്ണി തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നവ കൂടിയാണ്.  അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോൺ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ മികച്ച സാക്ഷ്യങ്ങളായിരുന്നു.

2005ൽ  സലിംകുമാറിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തി. അച്ഛനുറങ്ങാത്ത വീടിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു. 2010ൽ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സലിം കുമാർ സ്വന്തമാക്കി. 2012ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രം അയാളും ഞാനും തമ്മിൽ. 2017ൽ പുറത്തുവന്ന ആദ്യ സംവിധാന സംരംഭമായ കറുത്ത ജൂതൻ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും അർഹമായി. 

2018ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. 

ഭാര്യ: സുനിത. യുവനടൻ കൂടിയായ ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

 

നഷ്ടപ്പെട്ടത് വെറുമൊരു ചലച്ചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സലിം കുമാര്‍ എന്ന വ്യക്തി തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ് കൂടിയാണ്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പറവൂരിലെ ജനങ്ങള്‍ എനിക്ക് നല്‍കിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്തെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ അനുസ്മരിച്ചു.  ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. എന്റെ മാത്രമല്ല പറവൂരുകാരുടെ മുഴുവന്‍ മനസിലുണ്ടാവുമെന്നും വി.ഡി.സതീശൻ കുറിച്ചു. 

വടക്കന്‍ പറവൂരിന്റെ അഭിമാനമായിരുന്നു സലിം കുമാര്‍. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ചലച്ചിത്ര മേഖലയിലെ പലരും നിലപാട് പറയാന്‍ മടിച്ചു നിന്നപ്പോഴും ഒന്നും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയം പൊതുവേദികളില്‍ തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായി. ദാരിദ്ര്യവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തില്‍ ജനിച്ച് ദേശീയ പുരസ്‌കാര നിറവില്‍ എത്തിയ കലാകാരന്‍. ഒസ്‌കാര്‍ നോമിനേഷനിലേക്കു വരെ എത്തിയ പ്രതിഭ. എന്റെ തിരഞ്ഞെടുപ്പുകളിലൊക്കെയും തിരഞ്ഞെടുപ്പ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് സലിം കുമാറായിരുന്നു. അത് തന്റെ മാത്രം അവകാശമായി അദ്ദേഹം എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റെടുക്കുകയും ചെയ്തു. ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു ഉദ്ഘാടകന്‍. എന്റെ വിജയത്തിലും സ്ഥാനലബ്ധിയിലും ഇത്രയേറെ സന്തോഷിച്ച കൂടപ്പിറപ്പ്. സന്തോഷം നിറഞ്ഞ ആ മുഖം മാത്രമാണ് മനസില്‍. മറക്കാനാകുന്നില്ല.

ഹാസ്യം മാത്രമല്ല ഏത് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച അപൂര്‍വ പ്രതിഭയായിരുന്നു സലിം കുമാര്‍. എത്രമേല്‍ നമ്മെ സന്തോഷിപ്പിച്ചുവോ അതിലേറെ കരയിച്ച കഥാപാത്രങ്ങളെയും അദ്ദേഹം അനായസം അവതരിപ്പിച്ചു. പ്രതിഭാ സമ്പന്നതയും വ്യക്തി ബന്ധങ്ങളില്‍ അതിലേറെ ആത്മാര്‍ത്ഥതയും കാട്ടിയ പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം. ശരിക്കും പറവൂരുകാര്‍ എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു അതായിരുന്നു സലിം കുമാര്‍. എല്ലാവരെയും ചിരിപ്പിച്ചു. ഇപ്പോള്‍ എല്ലാവരെയും കരയിച്ചുള്ള യാത്രയായെന്നും മുഖ്യമന്ത്രി കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം