കൈ നഷ്ടപ്പെട്ട ഒമ്പത് വയസുകാരിക്ക് പ്രായപൂർത്തിയാവുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മിഷൻ

സർക്കാർ സംവിധാനങ്ങുടെ വീഴ്ചയെ തുടർന്ന് പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ നഷ്ടപ്പെട്ട സാഹചര്യം പരിഗണിച്ച് കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. 

കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ, അംഗം പി.ഷാജേഷ് ഭാസ്കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്.  കുട്ടിക്ക് സാധാരണ ജോലിയിൽ ഏർപ്പെടാനോ വരുമാനം നേടാനോ സാധിക്കില്ല. സർക്കാർ ഏറ്റെടുത്തിട്ടുള്ള തുടർപഠന ചെലവ്  21 വയസുവരെ ലഭിക്കുന്നു എന്ന് പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫീസറും കുട്ടിയുടെ തുടർ ചികിത്സ ചെലവ് ആരോഗ്യവകുപ്പും ഉറപ്പുവരുത്തണം. 

കുട്ടിക്ക് മിഷൻ വാത്സല്യ പദ്ധതി തുകയും പ്രത്യേക കുടുംബ സാഹചര്യത്തിലെ മാനസിക പിന്തുണയും മാർഗ നിർദേശങ്ങളും ലഭ്യമാക്കണം.  കഴിഞ്ഞ ഡിസംബറിൽ കുട്ടിയുടെ വിഷയം സംബന്ധിച്ച മാധ്യമ വാർത്തയെ തുടർന്ന് ബാലാവകാശ കമ്മിഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.  കമ്മിഷന്റെ ശുപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടം 45 പ്രകാരം 45 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കണം. 

വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ കുട്ടിക്ക് കൃത്രിമ കൈ വച്ചു നൽകുന്നതിന് ധന സഹായം ലഭ്യമാക്കിയതും വീടു വയ്ക്കാൻ കുടുംബത്തിന് 5 സെന്റ് ഭൂമി ലഭ്യമാക്കിയതും പ്രശംസനീയവും സമൂഹത്തെ ചേർത്തുപിടിക്കൽ മാതൃകയുമാമെന്ന് കമ്മിഷൻ നിരീക്ഷിച്ചു. 

കഴി‍ഞ്ഞ സെപ്റ്റംബർ 24നാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ കൈയ്ക്ക് പരുക്കു പറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൈയിൽ രണ്ട് ഒടിവുകൾ കണ്ടതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. എന്നാൽ കൈയിലുണ്ടായ മുറിവ് ഡോക്ടർമാർ അവഗണിച്ചെന്ന് മാതാപിതാക്കളായ വിനോദും പ്രസീദയും പിന്നീട് ആരോപിച്ചിരുന്നു. 

വിനോദിനിയുടെ കൈയിൽ നീർക്കെട്ടുണ്ടായി. അണുബാധ വ്യാപിച്ചതോടെ കുടുംബം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. അണുബാധ മാറ്റാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർമാർ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു. ചികിത്സാപ്പിഴവാണ് ഇതിനു കാരണമെന്ന് മാതാപിതാക്കൾ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തു. രണ്ടു ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെ സസ്പെൻ്റ് ചെയ്തു. 

കൈ നഷ്ടപ്പെട്ടതു മുതൽ കരച്ചിലുമായി, സ്കൂളിലും പോകാതിരുന്ന വിനോദിനിയുടെയും കുടുംബത്തിന്റെയും അവസ്ഥ അറിഞ്ഞ് സഹായിക്കാൻ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവൻ ചെലവും താൻ വഹിക്കാമെന്ന് അദ്ദേഹം കുടുംബത്തെ അറിയിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം