പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് അത്യന്താധുനിക ആതുര സേവന കേന്ദ്രമാക്കി ഉയർത്തുമെന്ന് വി.ടി.ബൽറാം എം.എൽ.എ പറഞ്ഞു.
ചാലിശ്ശേരി ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഒ.പി കെട്ടിടം, നഴ്സിംഗ് സ്റ്റേഷൻ, ഡയാലിസിസ് സെന്റർ, രോഗികളുടെ കിടത്തി ചികിത്സാ കെട്ടിടം, കോൺഫറൻസ് ഹാൾ, ഫാർമസി, പാലിയേറ്റീവ് വിഭാഗം, കുത്തിവെപ്പ് കേന്ദ്രം, ഓഫീസ് കെട്ടിടം, സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ എന്നിവ സന്ദർശിച്ച എം.എൽ.എ പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതിയവ നിർമ്മിക്കുന്നതിനും, നിലവിലുള്ള പുതിയ കെട്ടിടങ്ങൾ കൂടുതൽ സൗകര്യ പ്രദമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആശുപത്രി അധികൃതരിൽ നിന്നും ആരാഞ്ഞു. കൂടെ ഉണ്ടായിരുന്ന തദ്ദേശ ജനപ്രതിനിധികളുമായും എം.എൽ.എ ചർച്ച ചെയ്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എം.എൽ.എയുടെ ഇടപെടൽ മൂലം ഉണ്ടാകുന്ന പുതിയ വികസന മാറ്റങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും, ബ്ലോക്ക് പഞ്ചായത്തിൻ്റെ പരമാവധി ഫണ്ട് നീക്കി വെക്കുമെന്നും എം.എൽ.എക്ക് ഒപ്പം ആശുപത്രി സന്ദർശിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണിയും ഉറപ്പു നൽകി.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീന അക്ബർ, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ, പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി സൂപ്രണ്ട് എം.എസ് ശ്രീകുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ വി.കെ ശിവരഞ്ജിനി, സീനിയർ നഴ്സിംഗ് ഓഫീസർ, പാലിയേറ്റീവ് വളണ്ടിയർ പ്രദീപ് ചെറുവാശ്ശേരി, കെ.ബിജു സിസ്റ്റർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
ആശുപത്രി അധികൃതർ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ എം.എൽ.എക്ക് സമർപ്പിച്ചു. നിയമോപദേശകരുടെ സഹായത്തോടെ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഹൈടെക് സംവിധാനത്തിലേക്ക് ഉയർത്തുന്നതിന് ത്വരിത ഗതിയിലുള്ള നടപടികൾ അടിയന്തിരമായി കൈക്കൊള്ളുമെന്നും വി.ടി.ബൽറാം പ്രസ്താവിച്ചു.
