വിദ്യാർഥികൾക്ക് ശാസ്ത്ര ലോകത്തെ വിസ്മയങ്ങൾ അടുത്തറിയാൻ അവസരമൊരുക്കി ഭാരത് യൂത്ത് ക്ലബ് സംഘടിപ്പിക്കുന്ന 'മീറ്റ് ദ ലെജൻഡ്' സംവാദ പരമ്പരയുടെ പുതിയ പതിപ്പ് നാളെ (ഞായർ) രാവിലെ 10ന് കൂറ്റനാട് നാഗലശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും.
ഇന്ത്യയിലെ ആദ്യത്തെ ഉൽക്കാ ശാസ്ത്രജ്ഞനായ ഡോ.അശ്വിൻ ശേഖറാണ് മുഖ്യാതിഥി. ഒറ്റപ്പാലം സ്വദേശിയായ അദ്ദേഹം ഉൽക്കകൾ, ഗ്രഹശകലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ ശാസ്ത്ര നേട്ടങ്ങളെ മാനിച്ച് ഒരു ചെറുഗ്രഹത്തിന് 'അശ്വിൻ ശേഖർ' എന്ന പേര് നൽകുകയും ചെയ്‌തിട്ടുണ്ട്:
2016 ൽ 'ത്രീ ബോഡി റെസൊണൻസ് സിദ്ധാന്തം' പ്രസിദ്ധീകരിച്ചു. പെർസീയേദ് ഉൽക്കാ വർഷത്തിന്റെ തീവ്രതയുടെയും വരവും പ്രവചിക്കാൻ ജ്യോതി ശാസ്ത്രജ്ഞർ അവലംബിക്കുന്നത് ഈ സിദ്ധാന്തത്തെയാണ്. പാരീസിൽ ഒബ്സർവേറ്ററി ഉൽക്കാ പഠന സംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ്. ബഹിരാകാശ ഗവേഷണ മേഖലയിലെ അനുഭവങ്ങളും ശാസ്ത്ര ലോകത്തെ പുതിയ കണ്ടെത്തലുകളും വിദ്യാർഥികളുമായി ഡോ.അശ്വിൻ ശേഖർ പങ്കുവെക്കും.
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചിയും ഗവേഷണ മനോഭാവവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് കരിയർ, തൊഴിൽ, മത്സര പരീക്ഷാ മാർഗ നിർദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രസിദ്ധീകരണം പ്രത്യേക ഇളവ് നിരക്കിൽ ലഭ്യമാക്കും.
എട്ടാം ക്ലാസ്സ് മുതൽക്കുള്ള വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കും പരിപാടിയിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്.
