ചാലിശ്ശേരിയിൽ പത്തടി ഉയരത്തിൽ ഭീമൻ ട്രിയോണ്ട ഫുട്ബോൾ മാതൃക ശ്രദ്ധ നേടി

ലോകകപ്പ് മത്സരം അങ്ങകലെയാണെങ്കിലും വാനോളം ആവേശം ഇവിടെ ഓരോ കളി മനസ്സിലുമുണ്ട്.  ചാലിശ്ശേരിയിൽ നിർമ്മിച്ച പത്തടി ഉയരമുള്ള ഭീമൻ ട്രിയോണ്ട ഫുട്ബോൾ മാതൃക ആ ആവേശത്തിൻ്റെ വിരലടയാളമാണ്.

ചാലിശ്ശേരി സ്വദേശി   ഷൈജുവിന്റെ നേതൃത്വത്തിലാണ് ഈ ഫുട്ബോൾ നിർമ്മിച്ചത്. തൃശൂർ ജില്ലയിലെ ഒരു സ്വകാര്യ മാളിലെ പ്രദർശനത്തിനാണ് ഈ കരവിരുത് തയ്യാറാക്കിയത്.

ചാലിശ്ശേരി പൊട്ടിക്കുന്നത്ത് വീട്ടിൽ താമി-തങ്ക ദമ്പതികളുടെ മകനും ചിത്രകാരനും മിമിക്രി കലാകാരനുമായ ഷൈജുവിനൊപ്പം കാട്ടകാമ്പാൽ സ്വദേശി സുബീഷും ഒറ്റപ്പിലാവ് സ്വദേശി സുരേഷും ചേർന്നാണ് ഭീമൻ ഫുട്ബോളിന് രൂപം നൽകിയത്.  ഒരാഴ്ചയിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പന്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ഷൈജുവിന്റെ സുഹൃത്തുക്കളായ പെരുമണ്ണൂർ തായ്ക്കാട്ട് വീട്ടിലെ ഉണ്ണിമോന്റെയും വൈശാന്തിന്റെയും ഹോളോബ്രിക്സ് കമ്പനിയിലാണ്  ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. 

ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ഫ്രെയിം നിർമ്മിച്ചശേഷം ഫുട്ബോളിന്റെ രൂപകൽപ്പന പൂർത്തിയാക്കുകയായിരുന്നു.

ഏകദേശം 400 ചതുരശ്ര അടി ഫ്ലോറക്സ് ഷീറ്റ്, പോളിഫോം, വിനൈൽ സ്റ്റിക്കർ, പ്ലാസ്റ്റിക് പുൽ, പെയിന്റ് തുടങ്ങിയ സാമഗ്രികൾ ഉപയോഗിച്ചാണ് ഭീമൻ പന്ത് നിർമ്മിച്ചത്. 

65,000 രൂപയോളം ചെലവഴിച്ചാണ് ഈ കൂറ്റൻ പന്ത് യാഥാർഥ്യമാക്കിയത്. ലോകകപ്പിൽ ഉപയോഗിക്കുന്ന ഫുട്ബോളിന്റെ രൂപവും ഡിസൈനും അതേപടി പകർത്തുന്ന രീതിയിലാണ് നിർമ്മാണം.

ഈ ഭീമൻ ഫുട്ബോൾ സ്വകാര്യ മാളിലെ പ്രദർശന വേദിയിൽ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

ട്രിയോണ്ടയുടെ കേരളീയ മാതൃക ഫുട്ബോൾ ആരാധകരെയും പൊതുജനങ്ങളെയും ഒരുപോലെ ആകർഷിക്കുമെന്ന വിശ്വാസത്തിലാണ് പന്ത് നിർമ്മാതാക്കൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം