പാതിവഴിയിൽ നിലച്ച ലൈഫ് ഭവന നിർമ്മാണം പൂർത്തീകരിക്കാൻ വിപുലമായ പദ്ധതിയുമായി പട്ടാമ്പി നഗരസഭ

പട്ടാമ്പി നഗരസഭയിൽ PMAY- ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മാണം ആരംഭിച്ച് വിവിധ കാരണങ്ങളാൽ പൂർത്തീകരിക്കാൻ കഴിയാത്ത ഗുണഭോക്താക്കൾക്കായി ആശ്വാസ നടപടികളുമായി അധികൃതർ. 

പട്ടാമ്പി നഗരസഭയിൽ ഭവന നിർമ്മാണ പദ്ധതി നൂറ് ശതമാനം വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  സവിശേഷ ഇടപെടൽ. ഇതിൻ്റെ ഭാഗമായി ഗുണഭോക്താക്കളുടെ  യോഗം നഗരസഭാ അധ്യക്ഷൻ ടി.പി. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്നു. 

നിർമ്മാണം പാതിവഴിയിലായ ഗുണഭോക്താക്കളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും യോഗത്തിൽ നേരിട്ട് കേട്ടു മനസ്സിലാക്കി. വീടുകളുടെ പണി എത്രയും വേഗം പൂർത്തീകരിക്കുന്നതിന് ആവശ്യമായ എല്ലാ  പിന്തുണയുമായി നഗരസഭ ഒപ്പമുണ്ടാകുമെന്ന് ചെയർമാൻ യോഗത്തിൽ ഉറപ്പുനൽകി.

നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, നഗരസഭാ സെക്രട്ടറി ഡോ.എസ്. അമൽ എന്നിവർ സംസാരിച്ചു. 

സ്ഥിരം സമിതി  അധ്യക്ഷരായ ജിതേഷ് മോഴിക്കുന്നം, സഫ നിസാർ, കെ.സഫീദ,  ആശാ സന്തോഷ്, കൗൺസിലർമാരായ ടി.പി ഉസ്മാൻ, പി.സാദിഖ്, വി.ഷംസീന, സി.കൃഷ്ണദാസ്,  സി.പി സജാദ്, PMAY എസ്.ഡി.എസ്.  എം.പി ശിഹാബുദ്ദീൻ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

ഗുണഭോക്താക്കളുടെ ഭവന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനൊപ്പം നഗരസഭയെ സമ്പൂർണ്ണ ഭവന പൂർത്തീകരണ പദവിയിലേക്ക് എത്തിക്കുകയാണ് ഈ അടിയന്തര ഇടപെടലിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം