മെക്സിക്കോയിലെ ചരിത്രമുറങ്ങുന്ന ആസ്‌ടെക്ക സ്റ്റേഡിയം ഉണർന്നു: ഫിഫ ലോക കപ്പിന് ഇന്ന് തുടക്കം

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്നു മുതൽ ലോകം ഒരു പന്തിനു പിറകെ പായുകയാണ്.  വ്യാഴാഴ്ച രാത്രി ആരാധകരുടെ കളിയാരവങ്ങൾക്ക് മധ്യെ ഫിഫ ലോകകപ്പിന് തുടക്കമാവും. ലോകകപ്പിലെ ഏറ്റവും വിപുലമായ ടൂർണമെന്റാണ് ഇക്കുറി യു.എസ്.എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്നത്. മൂന്നു വ്യത്യസ്ത ലോക കപ്പുകൾക്ക് വേദിയായ ഒരേയൊരു സ്റ്റേഡിയമെന്ന വിശേഷണം മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്‌റ്റേഡിയത്തിന് കൈവരികയാണ്. 

1970, 1986 ലോക കപ്പുകൾക്ക് ശേഷമാണ് 2026ൽ ഇവിടെ മത്സരത്തിന് വേദി ഒരുങ്ങിയത്. ഇന്ത്യൻ സമയം രാത്രി 12.30ന് മെക്സിക്കോ- ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ ഒരു പന്തിന്റെ ഗോളാന്തര യാത്ര തുടങ്ങും. 

23-ാമത് ഫുട്ബോൾ ലോകകപ്പിന് സമാരംഭമാവുന്നതോടെ 39 ദിവസം ലോകത്തിന്റെ മുക്കും മൂലയും ‘ട്രയോൺഡ’ എന്ന പന്ത് ഉരുളുന്നതിനു പിറകെ കണ്ണുകൾ പായും. മൂന്നു രാജ്യങ്ങളിലെ 16 വേദികളിൽ, 48 ടീമുകൾ ഏറ്റുമുട്ടും. 104 മത്സരങ്ങളുണ്ടാവും. ആയിരത്തിലേറെ കളിക്കാർ ജഴ്‌സിയണിയും. അനേക കോടി കാണികൾ, കാൽപന്തു കളിയുടെ സൗന്ദര്യം ആസ്വദിക്കും. ജയപരാജയങ്ങളെല്ലാം ലോകം ഒരേ മനസ്സോടെ ഏറ്റുവാങ്ങും. 

ജൂലായ് 19ന് രാത്രി 12.30ന് യു.എസിലെ ന്യൂജെഴ്സിയിലാണ് ഫൈനൽ. ലോകകപ്പ് കളിക്കുന്ന ഖത്തർ ടീമിൽ കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് ഇടം നേടിയതിനാൽ ഈ ലോകകപ്പ‌ിൽ നമുക്കും പ്രതീക്ഷിക്കാൻ ചിലതൊക്കെയുണ്ട്. ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. വ്യാഴാഴ്ച രാത്രി 12.30നാണ് കിക്കോഫ്.

2010 ലോകകപ്പിൽ ഇരുടീമുകളും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 ന് സമനിലയിലായിരുന്നു. മൂന്നാം തവണ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന മെക്‌സിക്കോ ജയത്തുടക്കമാണ് സ്വന്തം മണ്ണിൽ ലക്ഷ്യമിടുന്നത്. 1994 മുതൽ ലോകകപ്പിലെ ആദ്യമത്സരത്തിൽ ടീം തോൽവിയറിഞ്ഞിട്ടില്ല. ഇടവേളയ്ക്കുശേഷമാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിലെത്തുന്നത്. ബെൽജിയൻ പരിശീലകൻ ഹ്യൂഗോ ബ്രൂസാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

2026 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ലോക കപ്പാണ്. ചില പ്രധാന പ്രത്യേകതകൾ ഇതിനുണ്ട്. 48 ടീമുകൾ ആദ്യമായി പങ്കെടുക്കുന്നു എന്നതാണ് പ്രധാനം. മുമ്പ് 32 ടീമുകൾ ആയിരുന്നു മത്സരിച്ചത്.  ഇത്തവണ 104 മത്സരങ്ങൾ നടക്കും. നേരത്തെ 64 മത്സരങ്ങളായിരുന്നു. മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ആതിഥേയത്വം വഹിക്കുന്നത്. (United States, Canada, Mexico). 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ മത്സരിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും. 

ലോക കപ്പിന്റെ തുടക്കം ഇങ്ങനെയാണ്: ആദ്യ ലോകകപ്പ് നടന്നത് 1930ൽ Uruguay യിലാണ്. ആദ്യ ജേതാക്കൾ ആതിഥേയരായ ഉറുഗ്വേ ആയിരുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നത് FIFA ആണ്. ബ്രസീൽ 5 തവണ കിരീടം നേടി റെക്കോർഡ് സ്ഥാപിച്ചു. ജർമനിയും ഇറ്റലിയും  4 തവണ വീതം കിരീടം ചൂടി. അർജൻ്റീന 3 തവണയും ഫ്രാൻസ് 2 തവണയും നേട്ടം കൈവരിച്ചു.

2022 FIFA World Cup ൽ നടന്ന ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നായി അത് വിലയിരുത്തപ്പെടുന്നു.

2026 ലെ ലോകകപ്പിലും പുതിയ ചരിത്രം പിറന്നുവീഴും എന്ന പ്രതീക്ഷയിലാണ് ലോകം. പച്ച പുൽമൈതാനത്ത് കളിയിലെ ലോക രാജാക്കന്മാർ വല കുലുക്കാനായി പന്തിനു പിറകെ പായുന്ന കാഴ്ച നെഞ്ചിടിപ്പോടെയല്ലാതെ വീക്ഷിക്കാനാവില്ല. ലോകം ഒരു പന്തായി ചുരുങ്ങുകയും അതേ പന്ത് ലോകത്തോളം വലുതാവുകയും ചെയ്യുന്ന വിസ്മയ കാഴ്ച ഇന്നുമുതൽ  കാണാം. ഇന്ത്യൻ സമയം രാത്രി 10.30 നാണ് ഉദ്ഘാടന ചടങ്ങുകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം