വെള്ളിയാങ്കല്ല് റഗുലേറ്റർ ഷട്ടർ തുറന്നതോടെ ഊത്ത പിടിത്തത്തവും സജീവമായി. മഴക്കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന ഊത്ത പിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി കര്‍ശനമാക്കിയിട്ടുണ്ട്.
പട്ടാമ്പി, തൃത്താല, ഞാങ്ങാട്ടിരി, കൊടുമുണ്ട പ്രദേശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച വലകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ഈടാക്കി. മത്സ്യങ്ങളുടെ പ്രജനന കാലമായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഊത്ത പിടിത്തം തടയാന്‍ ജില്ലയിലുടനീളം ഫിഷറീസ് പട്രോളിങ് സംഘം പരിശോധന നടത്തും.
അതേസമയം മഴക്കാലമായിട്ടും പ്രളയത്തിൽ തകർന്ന പാർശ്വഭിത്തി നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പണി നടത്തിയാൽ മാത്രമേ ജനങ്ങളുടെ ആശങ്കയകറ്റാൻ കഴിയൂ.
വെള്ളിയാങ്കല്ല് പാലത്തിന് സമീപം യജ്ഞേശ്വരം ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന തകർന്ന പാർശ്വഭിത്തിയുടെ നിർമാണം വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാക്കാത്തതിൽ ക്ഷേത്ര ഭാരവാഹികൾ ശക്തമായി പ്രതിഷേധിച്ചു. ഊട്ടു പുരയ്ക്ക് സമീപം പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ അന്നദാനം മുടങ്ങിയിട്ട് വർഷങ്ങളായി.
മഴ കനത്താൽ പ്രളയത്തിൽ തകർന്ന ഷട്ടറിന്റെ ഭാഗത്ത് പാർശ്വഭിത്തി പൊളിച്ച് താൽക്കാലികമായ കല്ലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ഷട്ടറുകൾ തുറന്നാലുള്ള കുത്തൊഴുക്കിൽ റഗുലേറ്ററിനും ബ്രിഡ്ജിനും കേടുപാടുകൾ സംഭവിക്കാനിടയുണ്ട്. പാർശ്വഭിത്തി നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
