സിനിമാക്കഥ പോലെയൊരു പെൺവേട്ട; യുവതിയെ പിന്തുടർന്ന് അക്രമിക്കാൻ ശ്രമിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ.

മൂവാറ്റൂപുഴയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 12 മണിയോടെ മൂവാറ്റുപുഴ പൊലീസ് ക്വാർട്ടേഴ്സിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന യുവതിയെയാണ്  ബൈക്കിലെത്തിയ യുവാക്കൾ അപമാനിക്കാനും അക്രമിക്കാനും ശ്രമിച്ചത്.

പാലാ സ്വദേശിയായ യുവതി ആയുർവേദ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയാണ്.  കുഞ്ഞിന് പനിയാണെന്നറിഞ്ഞാണ് രാത്രി 11.30ന് ബസ് പിടിക്കാനായി ഇവർ സ്റ്റാൻഡിലേക്ക് പോയത്. പിറവം റോഡിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പോകാനുള്ള എം.സി റോഡിലെ പ്രധാന ജങ്ഷന് അടുത്തെത്തിയപ്പോൾ ബൈക്കുകളിലെത്തിയ യുവാക്കൾ യുവതിയെ പിന്തുടരുകയും മോശം പരാമർശങ്ങളോടെ സമീപിക്കുകയും ചെയ്തു. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ ബൈക്കിടിപ്പിക്കാനും ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടു പോകാനും ശ്രമിച്ചു.

അപകടം മനസ്സിലാക്കിയ യുവതി പിറവം റോഡിലേക്കു തന്നെ തിരിഞ്ഞോടി. ഇതിനിടെ പിറവം ഭാഗത്ത് നിന്നെത്തിയ ബൈക്കിന് കൈകാണിച്ചു. ബൈക്കിലെത്തിയ യുവാവ് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ എതിർത്തു.  ഇതിനിടെയെത്തിയ വലിയ വണ്ടി ബസാണെന്ന് വിചാരിച്ച് യുവതി കൈകാണിച്ചു. നിർത്തിയപ്പോഴാണ് ഇതര സംസ്ഥാനത്തൊഴിലാളി ഓടിക്കുന്ന ടോറസ് ലോറിയാണെന്നറിയുന്നത്. ഇതോടെ സഹായത്തിന് യുവാവും ഒപ്പം കയറി.

അപകട സാഹചര്യം മനസ്സിലാക്കിയ ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവർ വണ്ടി പിറവത്തേക്ക് അതിവേഗം ഓടിച്ചു. മാരകായുധങ്ങളുമായി ബൈക്കുകളിൽ യുവാക്കൾ പിന്തുടർന്നു. ഇതിനിടെ യുവതി ഫോണിൽ മൂവാറ്റുപുഴ പോലീസിൽ വിവരം അറിയിച്ചു. ടോറസ് പിറവം ടൗണിലെ പോസ്റ്റ് ഓഫീസ് ജങ്ഷനിലെത്തിയപ്പോഴേക്കും പിറവത്തു നിന്നുള്ള പോലീസെത്തി. മൂവാറ്റുപുഴ പോലീസും ടോറസ്സിനെ പിന്തുടർന്നെത്തി.

സന്ദർഭോചിതമായി ഇടപെട്ട പൊലീസ് യുവതിയെ സുരക്ഷിതയാക്കി രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് യുവതിയെ രക്ഷപ്പെടുത്തുന്നതു കണ്ടതോടെ യുവാക്കൾ തടിതപ്പിച്ചു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പുലർച്ചയോടെ യുവാക്കളെ പിടികൂടിയത്. ഈസ്റ്റ് മാറാടി പള്ളിക്കവല  അജിത് (19), മീങ്കുന്നം അദ്വൈത് (20), പഞ്ചായത്തുപടി ടോമി ഷാജി (19), മാറാടി  അർജുൻ സനിൽ (20), മങ്ങമ്പ്ര അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സി.ആർ. രഞ്ജുമോൾ, എസ്.ശ്രീനാഥ്, എം.എം ഉബൈസ്, എം.വി ദിലീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.പി രതീഷ്, ബോബി എബ്രാഹം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി നിസാർ, എം.ജി ഷീജ എന്നിവരുണ്ടായിരുന്നു.

രാത്രി സമയങ്ങളിൽ സ്ത്രീകൾക്ക് നിർഭയം സഞ്ചരിക്കാൻ കഴിയുന്ന പ്രദേശം സംസ്ഥാനത്തെങ്ങുമില്ലെന്ന അവസ്ഥയാണ് ഈയിടെ വിവിധ സ്ഥലങ്ങളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം