വിഖ്യാത തമിഴ് സിനിമാ സംവിധായകന്‍ ഭാരതിരാജ ഓർമയായി.

തമിഴ് സിനിമയ്ക്ക് പുതിയൊരു കാഴ്ച വസന്തം സമ്മാനിച്ച സംവിധായകൻ പി.ഭാരതി രാജ (85) ഓർമയായി. ചെന്നൈയിലെ വസതിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.

തമിഴ് സിനിമാ ചരിത്രത്തിലെ വിഖ്യാത സംവിധായകരിലൊരാളാണ് ഭാരതിരാജ. ആറു തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ എന്നി നീലകളിലും ഭാരതിരാജ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

16 വയതിനിലെ (1977), കിഴക്കേ പോകും റെയില്‍ (1978), ചുവപ്പു റോജാക്കള്‍ (1978), നിഴല്‍കള്‍ (1980), അലൈകള്‍ ഓയ്‌വതില്ലൈ (1981), ടിക് ടിക് ടിക് (1981), ഒരു കൈതിയന്‍ ഡയറി (1985), മുതല്‍ മര്യാദൈ (1985), കിഴക്ക് ചീമയിലൈ (1993) തുടങ്ങിയവ ഭാരതി രാജയുടെ സൂപ്പർ ഹിറ്റ് സിനിമകളാണ്.

രജനീകാന്ത്, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍ എന്നിവരുള്‍പ്പെടെ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഭാരതിരാജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിന്റെ തുടരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ഗ്രാമീണതയുടെ നൈര്‍മ്മല്യവും മണ്ണിന്റെ മണവും സാധാരണ മനുഷ്യരുടെ ജീവിതവുമാണ് ഭാരതിരാജ അഭ്രപാളികളിലേക്ക് പകര്‍ത്തിയത്.  സ്റ്റുഡിയോയുടെ കൃത്രിമ ഭംഗിയിൽ നിന്ന് പ്രകൃതിയുടെ വിശ്വസൗന്ദര്യത്തിലേക്ക് ക്യാമറയുമായി നടന്ന ഭാരതിരാജ 'സംവിധായകരുടെ തലൈവൻ' എന്നർത്ഥം വരുന്ന 'ഇയക്കുനാർ ഇമയം' എന്നാണ് തമിഴ് സിനിമാലോകത്ത്  അറിയപ്പെടുന്നത്.

തേനി ജില്ലയില്‍ 1942 ഓഗസ്റ്റ് 23 നാണ് ഭാരതിരാജയുടെ ജനനം. 1977ല്‍ കമല്‍ഹാസന്‍, ശ്രീദേവി, രജനീകാന്ത് എന്നിവരെ മുഖ്യവേഷത്തില്‍ അണിനിരത്തി, പുറത്തിറങ്ങിയ 16 വയതിനിലേ ആണ് ഭാരതിരാജ സംവിധാനം ചെയ്ത ആദ്യ ചിത്രം. 

മികച്ച സംവിധായകനും മികച്ച നടന് കമല്‍ഹാസനും അടക്കം സംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ പതിനാറു വയതിനിലേയിലൂടെ പുതിയൊരു സംവിധായക പ്രതിഭ കൂടി തമിഴകത്ത് ഉദയം കൊള്ളുകയായിരുന്നു. 

എസ്.ജാനകിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ്, കമല്‍ഹാസന് ഫിലിം ഫെയര്‍ അവാര്‍ഡ്, ശ്രീദേവിക്ക് മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം എന്നിവയും ഈ ചിത്രത്തിൽ ലഭിച്ചു. 2020 ഭാരതിരാജ അഭിനയിച്ച മീണ്ടും ഒരു മര്യാദൈ ആണ് അദ്ദേഹം അവസാനം സംവിധാനം ചെയ്ത സിനിമ. 

പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ റോളിലാണ് ഭാരതിരാജ തുടരും ചിത്രത്തില്‍ അഭിനയിച്ചത്. ആയുധ എഴുത്ത്, പാണ്ടിനാട്, ഈശ്വരന്‍, തിരുച്ചിത്രംബലം, മഹാരാജ തുടങ്ങിയ സിനിമകളും വേഷമിട്ടിട്ടുണ്ട്.

പുലവര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഭാരതിരാജ അഭിനയിച്ചത്. ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയുടെ ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭാര്യ: ചന്ദ്രലീലാവതി.  ജനനി രാജ്കുമാര്‍, അന്തരിച്ച സംവിധായകൻ മനോജ് ഭാരതിരാജ എന്നിവരാണ് മക്കള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം