ആസ്തി വികസന ഫണ്ടിൽ നിന്ന് 105 ലക്ഷം രൂപ അനുവദിക്കുകയും മിനുക്കു പണികൾ മാത്രം അവശേഷിക്കുകയും ചെയ്യുന്ന പട്ടാമ്പിയിലെ പൊതുശ്മശാനം തുറന്നു കൊടുക്കാതെ മനഃപ്പൂർവം വൈകിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥരേയും കരാറുകാരേയും നഗര സഭാ ചെയർമാൻ ഇതിനായി ഭീഷണിപ്പെടുത്തുകയാണെന്നുമുള്ള മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ആരോപണത്തിന് മറുപടിയുമായി ചെയർമാൻ ടി.പി ഷാജി രംഗത്ത്.
ശ്‌മശാനം സ്വന്തം പേരിലാക്കാൻ എം.എൽ.എ ശ്രമിക്കുന്നുവെന്നാണ് ചെയർമാൻ ഷാജിയുടെ തിരിച്ചടി. പട്ടാമ്പി ശ്മശാന വിഷയത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ടി.പി ഷാജി പറഞ്ഞു. 10 ദിവസത്തെ പ്രവൃത്തിയേ ബാക്കിയുള്ളൂ എന്ന് പറയുന്ന എം.എൽ.എ തന്നെയാണ് അതെന്തുകൊണ്ട് പൂർത്തിയാക്കിയില്ല എന്ന് പറയേണ്ടത്. കരാറുകാരനെ ഭീഷണിപ്പെടുത്തി പണി വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു എന്ന് പറയുന്നത് കളവാണ്. ശ്മശാനത്തിന് അനുവദിച്ച എം.പി ഫണ്ട് ഉപയോഗിക്കരുത് എന്ന് പറഞ്ഞത് എം.എൽ.എയും, എം.പി ഫണ്ട് ഉപയോഗിക്കാതിരുന്നത് കഴിഞ്ഞ ഇടത് നഗരസഭാ ഭരണ സമിതിയുമാണ്.
പൊതുശ്മശാനം പൂർണമായി എം.എൽ.എ ഫണ്ട് ഉപയോഗിച്ചല്ല ചെയ്തത് എന്നിരിക്കെ നഗരസഭയോട് കൂടിയാലോചിക്കാതെ നഗരസഭയുടെയും എം.പിയുടെയും പേര് മറച്ചുവെച്ച് എം.എൽ.എ യുടേത് മാത്രമാക്കി ബോർഡ് വെക്കുന്നത് ഭരണസമിതിയിൽ ഒരംഗം ചോദ്യം ചെയ്തിട്ടുണ്ട്.
നഗരസഭയും എം.എൽ.എയും എംപി.യും സംയുക്തമായി ചെയ്ത പദ്ധതിയായി കാണണമെന്നാണ് നഗരസഭ ആഗ്രഹിക്കുന്നത്. അതെല്ലാം മാറ്റിവെച്ച് തൻ്റെ പേര് മാത്രം വേണമെന്ന് നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഒരു കാരണവശാലും ശ്മശാനം തുറക്കുന്നത് വൈകിപ്പിക്കില്ലെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും ജാതീയ വേർതിരിവുണ്ടാക്കി ഒരു വിഭാഗത്തെ നഗരസഭക്കെതിരെ തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും അതിൽ നിന്ന് പിന്മാറണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മുഹമ്മദ് മുഹ്സിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു നഗരസഭാ ചെയർമാൻ ടി.പി ഷാജി. അതിനു മുമ്പ് ഇടതു സഖ്യത്തിലായിരുന്ന ടി.പി ഷാജി സഖ്യം ഉപേക്ഷിച്ച് സ്ഥാനം രാജിവെച്ചാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നഗരസഭാ ഭരണം ലഭിച്ചു. ടി.പി ഷാജി ചെയർമാനായി. നഗരസാരഥിയായിരിക്കെയാണ് മുഹമ്മദ് മുഹ്സിനെതിരെ നിയമസഭയിലേക്ക് മത്സരിച്ചത്.
