ലോഡ്ജ് മുറിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ദുരൂഹത നീങ്ങിയില്ല

തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജ് മുറിയില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല.

കസ്റ്റഡിയിലായ ഓട്ടോ ഡ്രൈവറുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. യുവതി ഗർഭിണിയാണെന്ന വിവരം അറിയില്ലെന്നാണ് ഡ്രൈവറുടെ മൊഴി. കഴിഞ്ഞ ദിവസം വയറുവേദനക്ക് മരുന്ന് വാങ്ങി നൽകിയിരുന്നുവെന്നും ഇയാൾ പറയുന്നു.

യുവതിയെ ലോഡ്ജിലെത്തിച്ച തൃശൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് പോലീസ് കസ്റ്റഡിയിലുള്ളത്.  തൃശൂർ എടമുട്ടം കൊല്ലാറ വീട്ടിൽ ജ്യോതി (27) യും നവജാത ശിശുവുമാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തിനിടെയാണ് മരിച്ചതെന്നാണ് നിഗമനം. വിവസ്ത്രയായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. തൊട്ടടുത്താണ് നവജാത ശിശുവിന്‍റെ മൃതദേഹവും ഉണ്ടായിരുന്നത്. 

ജൂൺ 27ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഓട്ടോ ഡ്രൈവര്‍ക്കൊപ്പം യുവതി ലോഡ്ജിലെത്തി മുറിയെടുത്തത്. യുവതിയുമായി പലപ്പോഴും ലോഡ്ജിലെത്താറുള്ളയാളാണ് ഓട്ടോ ഡ്രൈവര്‍. യുവതി ലോഡ്ജിലെത്തുന്ന സമയം ഒപ്പം കുഞ്ഞില്ലായിരുന്നുവെന്നാണ് ലോഡ്ജ് ജീവനക്കാർ പറയുന്നത്. യുവതി ഗർഭിണിയാണെന്ന വിവരവും അവർക്കറിയില്ലെന്ന് പറയുന്നു. മുറിയിൽ വന്നശേഷം പ്രസവിക്കുകയും ശേഷം മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് നിഗമനം. 

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജ്യോതിയെ പുറത്തു കാണാത്തതിനെ തുടർന്ന് ജീവനക്കാർ കതകിൽ മുട്ടിയിട്ടും അനക്കമുണ്ടായില്ല. മാനേജരുടെ പരാതി പ്രകാരം പോലിസ് എത്തി കതക് ചവിട്ടി തുറന്നപ്പോഴാണ് അമ്മയും കുഞ്ഞും കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

പ്രസവ ശേഷമുള്ള തുടര്‍ ചികിത്സ ലഭിക്കാത്തതാണോ മരണ കാരണം എന്ന സംശയവും പൊലീസിനുണ്ട്. പ്രസവത്തിനിടെയാണ് ജ്യോതി മരിച്ചതെന്നാണ് ഇന്‍ക്വസ്റ്റിലെ കണ്ടെത്തല്‍.

ശനിയാഴ്ച ലോഡ്ജില്‍ മുറിയെടുത്ത ശേഷം ജ്യോതിയെ കാണാന്‍ ഞായറാഴ്ച ഓട്ടോ ഡ്രൈവര്‍ എത്തിയിരുന്നു. പിന്നീട് പുറത്ത് പോയി മടങ്ങിയെത്തി. ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഓട്ടോ ഡ്രൈവര്‍ വീണ്ടും ലോഡ്ജിലെത്തിയത്.  അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു മുറി. അതിനാല്‍ കൊലപാതകമല്ലെന്ന് പൊലീസ് ഉറപ്പിച്ചു. 

2024ല്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് യുവതി ഇതേ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഈ പരാതി ഇരുവരും ഒത്തുതീര്‍പ്പിലാക്കുകയായിരുന്നു. സംഭവത്തിലെ ദുരൂഹത നീങ്ങണമെങ്കിൽ പോസ്റ്റു‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരണമെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം