പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ പോലീസിനെ ആക്രമിച്ച സംഭവം: നാലുപേരെ റിമാൻ്റ് ചെയ്തു.

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിനെ പന്നിപ്പടക്കമെറിഞ്ഞ് ആക്രമിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ഗുണ്ടാ സംഘാംഗങ്ങളെ റിമാൻ്റ് ചെയ്തു. 

ഒറ്റപ്പാലം കണ്ണിയംപുറം വിഷ്ണു എന്ന സൽമാൻ (28), കാസർകോട് ഭീമനടി ച ഷമീർ എന്ന ആട് ഷമീർ (36), കൊല്ലം കൊട്ടാരക്കര സ്വദേശി പെരുവയലിൽ ഡേവിഡ് കാർമൽ അലക്സ് (38), മാവൂർ കുതിരാടം ജാസ് മോൻ (32) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഡേവിഡിനെയും ജാസ്മോനെയും കുന്ദമംഗലം കോടതിയും ഷമീറിനെയും വിഷ്ണുവിനെയും പാലക്കാട്ടെ കോടതിയുമാണ് റിമാൻ്റ് ചെയ്തത്. 

കഴിഞ്ഞ ഡിസംബർ 6 ന് തിരുമിറ്റക്കോട് കൊഴിക്കോട്ടിരി പാലത്തിന് സമീപം വെച്ച് കാറിൽ യാത്ര ചെയ്തിരുന്ന പ്രവാസി വ്യവസായി വണ്ടൂർ സ്വദേശി വി.പി മുഹമ്മദാലി(72)യെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പിടികിട്ടാ പ്രതികളാണ് ഇവർ. 

ശനിയാഴ്ച രാവിലെ മാവൂർ പെരുവയലിലെ സ്വകാര്യ വില്ലയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പാലക്കാട് എസ്.ഐ.ടി അംഗങ്ങൾ പെരുവയലിലെ കൊടശ്ശേരി താഴത്തുള്ള സ്വകാര്യ വില്ലയിൽ എത്തിയപ്പോൾ പ്രതികൾ പന്നിപ്പടക്കം എറിഞ്ഞും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഘർഷത്തിൽ എ.എസ്.ഐ പി.അബ്ദുൽ റഷീദ്, പൊലീസുകാരായ കമൽ, നൗഷാദ് ഖാൻ, ഷൻഫീർ എന്നിവർക്കും പ്രതികൾക്കും പരിക്കേറ്റിരുന്നു.

പ്രതികൾ ഈ വില്ലയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി സംഘമെത്തിയത്. പൊലീസാണെന്ന് മനസ്സിലായതോടെ പൊലീസിനു നേരെ പന്നിപ്പടക്കം എറിയുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. സ്ഫോടനത്തിൽ നാല് എസ്.ഐ.ടി അംഗങ്ങൾക്ക് പരിക്കും പൊള്ളലുമേറ്റു. 

വിവരമറിയിച്ചതനുസരിച്ച് മാവൂർ, കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. പ്രതികളിൽ നിന്ന് തിര നിറച്ച രണ്ടു പിസ്റ്റളുകൾ, ഒരു എയർഗൺ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സാബുമോന്റെ കുതിരാടത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു വടിവാളുകളും ഒരു നഞ്ചക്കും പിടിച്ചെടുത്തിട്ടുണ്ട്.

മൂന്നു മാസങ്ങൾക്ക് മുമ്പ് ഡേവിഡാണ് ഭാര്യ സമേതം ഇവിടെ മുറിയെടുത്ത് താമസം തുടങ്ങിയത്. ഭാര്യ സ്വന്തം വീട്ടിൽ പോയശേഷം പലപ്പോഴായി മറ്റു പ്രതികളും ഇവിടെയെത്തി താമസിക്കാറുണ്ട്. തുടർന്ന് ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മറ്റു നാലുപേർ ഇവിടെ എത്തിയത്. നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായ നാലു പേരും. പൊലീസിനെ ആക്രമിക്കൽ, ജോലി തടസ്സപ്പെടുത്തൽ, ബോംബെറിയൽ, സ്ഫോടക വസ്തു നിർമാണം, ലൈസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുണ്ട നിയമപ്രകാരം നടപടി നേരിട്ട ഷമീറിനെതിരെ 20ൽപരം കേസുകളും വിഷ്ണുവിനെതിരെ ഏഴു കേസുകളും നിലവിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം