ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ ഏക ദളിത് വനിതാ അംഗമായിരുന്ന ദാക്ഷായണി വേലായുധനെ സമത്വവാദ സംഘം എടപ്പാളിൽ അനുസ്‌മരിച്ചു. സമത്വവാദ സംഘം ചെയർമാൻ എം.ടി ജയരാജൻ ഉദ്ഘാടനം ചെയ്തു. 1912 ജൂലൈ 15ന് എറണാകുളം ജില്ലയിലെ മുളവുകാട് ദ്വീപിൽ ജനിച്ച ദാക്ഷായണി കൊച്ചി രാജ്യത്ത് നിന്ന് ബിരുദം നേടിയ ആദ്യ ദളിത് വനിതകളിൽ ഒരാളായിരുന്നുവെന്ന് ജയരാജൻ പറഞ്ഞു.
1946ൽ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെ സാമൂഹിക സമത്വം, മനുഷ്യാവകാശം, ജാതി വിവേചന നിർമ്മാർജനം എന്നിവയ്ക്കുവേണ്ടി ശക്തമായി വാദിച്ചു. ദളിത് വിഭാഗങ്ങളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനുമായി അവർ പ്രവർത്തിച്ചുവെന്നും എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടന രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചതാണ് അവരുടെ പ്രധാന സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ചരിത്രകാരന്‍ താജിഷ് ചേക്കോട് അധ്യക്ഷത വഹിച്ചു. ജാതിയുടെയും ലിംഗത്തിന്റെയും പേരിലുള്ള വിവേചനത്തിനെതിരെ ജീവിതകാലം മുഴുവൻ പോരാടുകയും ഇന്ത്യൻ ജനാധിപത്യത്തിനും സാമൂഹിക നീതിക്കും നൽകിയ സേവനങ്ങളുടെ പേരിൽ ദാക്ഷായണി വേലായുധനെ ഇന്നും വലിയ ആദരവോടെയാണ് ഓർക്കുന്നതെന്നും താജിഷ് അനുസ്മരിച്ചു.
പ്രശസ്ത കവിയും അധ്യാപികയുമായ കെ.കെ ഭാരതി ടീച്ചര്‍ക്ക് ദാക്ഷായണി വേലായുധന്‍ പുരസ്കാരം എം.ടി ജയരാജൻ സമ്മാനിച്ചു. തുടര്‍ന്നു നടന്ന സാഹിത്യ സദസ്സില്‍ കവിയും പ്രഭാഷകയുമായ രേഖ മുരളീധരന്‍ മോഡറേറ്ററായി. കവിയും നിരൂപകനുമായ സുമേഷ് നിഹാരിക സ്വാഗതവും എം.ടി ഗോപാലന്‍ നന്ദിയും പറഞ്ഞു.
കെ.പി ഉണ്ണികൃഷ്ണന്‍ ഞാങ്ങാട്ടിരി, വത്സല ഞാങ്ങാട്ടിരി, പ്രസന്ന ആനക്കര, ജിന്‍സി സന്തോഷ്, ബിന്ദു കൂടല്ലൂര്‍, ഓജസ് തെസ്ലിജാന്‍, ദിവ്യ, ഹഫ്സത്ത്, സ്വാതി ശുകപുരം, അജിത ടി.പി കൃഷ്ണ, സരസ്വതി, സീമ, കെ.കെ ഭാരതി, സുന്ദരന്‍ മുണ്ട്രക്കോട് തുടങ്ങിയവര്‍ രചനകള്‍ അവതരിപ്പിച്ചു.
