കുറ്റിപ്പുറം ദേശീയ പാതയിൽ ബസ് തല കീഴായി മറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം.
ബസ് അമിത വേഗതയിലായിരുന്നു വെന്ന് പൊലീസ് രൂപീകരിച്ച വിദഗ്ദ സംഘം കണ്ടെത്തി. പരാമവധി 80 കി.മീ വേഗതയിൽ സഞ്ചരിക്കേണ്ട ബസ് 130 കി.മീ വേഗതയിലായിരുന്നു വെന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. കൂടാതെ മഴയും റോഡിലെ വെളളവും അപകടത്തിന്റെ തീവ്രത കൂട്ടിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് - തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് രണ്ടായി പിളർന്നത്. അപകടത്തിൽ ഒരാൾ മരണപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും
മുപ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള ഡിവൈഡറിൽ ഇടിച്ചാണ് മറിഞ്ഞത്.
നാഷണൽ ഹൈവേയിലെ ക്യാമറ കൺടോൾ യൂണിറ്റിൽ നിന്നും ബസിൻ്റെ അമിത വേഗതയുടെ ദൃശ്യങ്ങൾ ലഭിച്ചതായി സംഘം അറിയിച്ചു.
അതേസമയം, ബസിൽ വേഗം നിയന്ത്രിക്കുന്ന വേഗപ്പൂട്ട് ഉണ്ടായിരുന്നെങ്കിലും അത് ബൈപാസ് ചെയ്താണ് പ്രവർത്തിപ്പിച്ചിരുന്നത് എന്നും സംഘം കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ദേശീയപാത അതോറിറ്റി, നാറ്റ്പാക് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.
CC TV Footage
