പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി കാൽ നൂറ്റാണ്ടിനു ശേഷം അറസ്‌റ്റിൽ.

കൊലക്കേസിൽ പ്രതിയായ ഒരാൾക്ക് എത്ര കാലം ഒളിവിൽ കഴിയാൻ പറ്റും എന്ന ചോദ്യത്തിന് സുകുമാരകുറുപ്പിനോളം എന്നായിരിക്കും ഉത്തരം. എന്നാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കണ്ണൂർ കതിരൂർ സ്വദേശി സി.എച്ച് അഷ്റഫിനെ (58)  കാൽ നൂറ്റാണ്ടിനു ശേഷം പ്രത്യേക അന്വേഷണ സംഘം പിടികൂടി.

2001 ഡിസംബർ 14ന് കതിരൂർ വേട്ടുമ്മലിലുണ്ടായ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷ് ചികിത്സയ്ക്കിടെ മരിച്ച കേസിലെ പ്രതിയാണ് അഷ്റഫ്.

കൊലപാതകത്തിനു ശേഷം ഇയാൾ മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെല്ലാം പത്ത് വർഷത്തോളം ഹോട്ടൽ തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞു.

അതിനിടയിൽ കോടതി നടപടികൾ പൂർത്തിയായി. ശിക്ഷാവിധിയും നടപ്പിലായി. 11 പ്രതികളുണ്ടായിരുന്ന കേസിൽ അഷ്റഫ് ഒഴികെയുള്ളവരുടെ വിചാരണയും ശിക്ഷാ കാലാവധി കഴിയുകയും ചെയ്തു.

കേസ് ആറിത്തണുത്തു എന്നറിഞ്ഞതോടെ കേരളത്തിൽ അഷ്‌റഫ് തിരിച്ചെത്തി. 15 വർഷമായി പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ എന്നിവിടങ്ങളിൽ മാറിമാറി തട്ടുകട നടത്തി നാളുന്തി. 

എന്നാൽ ഏതൊരു കുറ്റവാളിയും ഒരുനാൾ കുടുങ്ങുമെന്ന് തെളിയിച്ചു കൊണ്ട് കുറുമാത്തൂർ നിടുമുണ്ടയിൽ വച്ചാണ് പ്രതി പിടിയിലായത്. 

ഇതോടെ നാടും നാട്ടുകാരും കൂട്ടുപ്രതികളും മറന്ന രതീഷ് കൊലക്കേസ് വീണ്ടും നാട്ടിൽ ചർച്ചയാവുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം