സമ്മേളനത്തിന് തുടക്കം കുറിച്ച് ബുധൻ വൈകിട്ട് രക്തസാക്ഷി നഗറിൽ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫ് പതാക ഉയർത്തും. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്‌പൻ നഗറിൽ വ്യാഴം രാവിലെ 10ന് നടൻ പ്രകാശ് രാജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും.
വെള്ളി വൈകിട്ട് അഞ്ചിന് രക്തസാക്ഷി കുടുംബ സംഗമം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഞായർ വൈകിട്ട് നാലിന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയും തിരുവനന്തപുരത്തെ ഹഖ് മുഹമ്മദ്- മിഥിലാജ് സ്മൃതിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥയും കൊടുങ്ങല്ലൂരിലെ കെ.യു ബിജു രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ നിന്ന് ബുധനാഴ്ച ആരംഭിക്കുന്ന ദീപശിഖാ ജാഥയും ജില്ലയിലെ 25 ഡി.വൈ.എഫ്.ഐ രക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഉപ ദീപശിഖാ ജാഥകളും അത്'ലറ്റുകളുടെ നേതൃത്വത്തിൽ ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് ശക്തൻ നഗറിലെത്തും.
ജാഥകൾ സംഗമിച്ച് റാലിയായി ഇൻഡോർ സ്റ്റേഡിയം പരിസരത്തെത്തും. പതാക സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം കെ.രാധാകൃഷ്ണനും കൊടിമരം സംസ്ഥാന കമ്മിറ്റിയംഗം എം.എം വർഗീസും ദീപശിഖ സംസ്ഥാന കമ്മിറ്റിയംഗം ഡോ.ആർ ബിന്ദുവും ഏറ്റുവാങ്ങും. രക്തസാക്ഷി നഗറിൽ സംഘാടക സമിതി ചെയർമാൻ കെ.വി അബ്ദുൾഖാദർ പതാക ഉയർത്തും. ദീപശിഖ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ജ്വലിപ്പിക്കും.
ശനിയാഴ്ച പകൽ സമ്മേളനത്തിന് സമാപനം കുറിച്ച് വിദ്യാർഥി കോർണറിൽ നിന്ന് യൂത്ത് ബ്രിഗേഡ് മാർച്ചും പ്രകടനവും ആരംഭിക്കും. നേതാജി ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് വി.എസ് അച്യുതാനന്ദൻ നഗറിലാണ് പൊതുസമ്മേളനം. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കും.
