പട്ടാമ്പി ഓക്സിജൻ പാർക്ക്: രണ്ടാംഘട്ട വികസനത്തിന് 50 ലക്ഷം രൂപ കൂടി അനുവദിക്കും

കൃഷി വകുപ്പിന് കീഴിലുള്ള പട്ടാമ്പി സെൻട്രൽ ഓർച്ചാർഡിലെ ഓക്സിജൻ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. 

പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത അവലോകന യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.

പട്ടാമ്പിയുടെ ഹരിതാഭ നിലനിർത്തിക്കൊണ്ട് ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മികച്ച വിനോദ- വിശ്രമ കേന്ദ്രമായി സെൻട്രൽ ഓർച്ചാർഡിനെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം 5 കോടി രൂപ ചെലവിലാണ് ഓക്സിജൻ പാർക്ക് പദ്ധതിക്ക് തുടക്കം കുറിച്ചത്. 

സാങ്കേതികാനുമതികൾ, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതികൾ, പ്ലാനിലെ മാറ്റങ്ങൾ തുടങ്ങിയവ മൂലമുണ്ടായ കാലതാമസം അടിയന്തരമായി പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.

നിർമ്മാണത്തിനൊപ്പം പരിപാലനത്തിലും ആത്മാർത്ഥത വേണം. പദ്ധതിക്ക് ആവശ്യമായ ഫണ്ടും വ്യക്തമായ വികസന കാഴ്ചപ്പാടും ഉണ്ടായാൽ മാത്രം ഒരു പൊതുഇടം മികച്ച രീതിയിൽ നിലനിർത്താൻ കഴിയില്ലെന്നും, പാർക്കിന്റെ സംരക്ഷണത്തിലും പരിപാലനത്തിലും കൃഷിവകുപ്പ് അധികൃതരുടെയും നിർവഹണ ഏജൻസിയായ കെ.എൽ.ഡി.സിയുടെയും ഭാഗത്തുനിന്ന് ആത്മാർത്ഥമായ ഇടപെടൽ അനിവാര്യമാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

ഓക്സിജൻ പാർക്കിനോട് യഥാർത്ഥ താൽപര്യവും അനുകൂല മനോഭാവവും പുലർത്തണമെന്നും, പാർക്കിലെത്തുന്ന പൊതുജനങ്ങളോട് സൗഹൃദപരവും സേവന മനോഭാവത്തോടെയുമുള്ള സമീപനം ഉറപ്പാക്കണമെന്നും കൃഷി വകുപ്പിലെയും കെ.എൽ.ഡി.സിയിലെയും ഉദ്യോഗസ്ഥർക്ക് എം.എൽ.എ കർശന നിർദ്ദേശം നൽകി.

പട്ടാമ്പിയുടെ വികസനം റോഡുകളിലും കെട്ടിടങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. ജനങ്ങൾക്ക് മികച്ച ജീവിതനിലവാരം ഉറപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ പൊതുഇടങ്ങളും നഗര വികസനത്തിന്റെ പ്രധാന ഭാഗമാണ്. ഫണ്ട് അനുവദിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല. പാർക്ക് നാഥനില്ലാത്ത അവസ്ഥയിലാകാതെ സ്വന്തം ഉത്തരവാദിത്തമായി കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും ഉദ്യോഗസ്ഥർ തയ്യാറാകണം. ഇവിടെയെത്തുന്ന ഓരോ വ്യക്തിക്കും മികച്ച അനുഭവവും ആവശ്യമായ സേവനവും ഉറപ്പാക്കണമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.

പാർക്കിന്റെ ശുചിത്വവും സൗകര്യങ്ങളുടെ പരിപാലനവും ഉറപ്പാക്കാൻ കൃഷിവകുപ്പും കെ.എൽ.ഡി.സിയും ഏകോപിച്ച് പ്രവർത്തിക്കണം. മാലിന്യസംസ്കരണം, വേസ്റ്റ് ബിന്നുകളുടെ സ്ഥാപനം, പാർക്കിലെ സൗകര്യങ്ങളുടെ സംരക്ഷണം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.

പാർക്കിൽ അത്യാവശ്യമായി പൂർത്തിയാക്കേണ്ട ശൗചാലയങ്ങളുടെയും കാർഷിക ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനുള്ള ഇക്കോ സ്റ്റാളുകളുടെയും പ്രവൃത്തികൾ കെ.എൽ.ഡി.സി വേഗത്തിൽ പൂർത്തിയാക്കണം.

മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്നതിനായി ആവശ്യമായ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. പാർക്ക് സ്ഥിരമായി വൃത്തിയായി സൂക്ഷിക്കുന്നതിന് കൃഷിവകുപ്പ് ജീവനക്കാർക്ക് വ്യക്തമായ ചുമതല നൽകും.

പാർക്കിന്റെ നടത്തിപ്പിലും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിലും റോട്ടറി, ലയൺസ് ക്ലബ് തുടങ്ങിയ സന്നദ്ധ സംഘടനകൾ, പട്ടാമ്പി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സഹകരണം ഉറപ്പാക്കും.

ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ ലൈബ്രറി, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങൾ ഘട്ടംഘട്ടമായി പരിഗണിക്കുന്നതിനും യോഗം തീരുമാനിച്ചു.

നഗരസഭ ചെയർ പേഴ്സൺ ടി.പി ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.പി രാമദാസ് മാസ്റ്റർ, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വിജയൻ, നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ ടി.ടി തോമസ്, കെ.എൽ.ഡി.സി പ്രതിനിധി ബോബൻ തുടങ്ങിയവരും സന്നദ്ധ സംഘടന പ്രതിനിധികളും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം