ഓണം ആഘോഷമാക്കാൻ സപ്ലൈകോ: മെഗാ ട്രേഡ് ഫെയർ 8ന് തുടങ്ങും

മൂന്നു ജില്ലകളിൽ മെഗാ ട്രേഡ് ഫെയറും വിവിധ സമ്മാന പദ്ധതികളുമായി ഇത്തവണ  ഓണം ആഘോഷമാക്കാൻ സപ്ലൈകോ.

സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് എട്ടിന് വൈകിട്ട് 4.30ന് കലൂർ സ്റ്റേഡിയം ഹെലിപ്പാട് ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. 

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷൻ ആകുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ, ഫിഷറീസ് സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. 

പതിവിൽ നിന്നും വ്യത്യസ്തമായി മൂന്നിടങ്ങളിൽ മെഗാ ട്രേഡ് ഫെയർ ആയാണ് സപ്ലൈകോ ഓണം ഫെയർ ഇത്തവണ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ബീച്ചിലും, എറണാകുളം കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലും തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലും  മറ്റ് സ്വകാര്യ --സർക്കാർ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൂടി ഉൾപ്പെടുത്തിയാണ് ഓണം മെഗാ ട്രേഡ്ഫെയർ സംഘടിപ്പിക്കുന്നത്. 

ജർമ്മൻ ഹാങ്കർ സ്ട്രക്ചറിൽ, എയർ കണ്ടീഷൻഡ് സൗകര്യമായിരിക്കും ഇവിടെ ഒരുക്കുക.   4000 സ്ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‍വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽസ്   തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള  ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളാണ് മൂന്നു മെഗാ ട്രേഡ് ഫെയറുകളിലുമായി ഒരുക്കുക. 

കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഫെയറിൽ കുടുംബശ്രീയുടെ ഫുഡ് കോർട്ടും ഉണ്ടായിരിക്കും. മെഗാ ട്രേഡ് ഫെയർ ഓഗസ്റ്റ് 25ന് അവസാനിക്കും.  രാവിലെ 10 മുതൽ വൈകീട്ട് 9 വരെ ആയിരിക്കും മെഗാ ട്രേഡ് ഫെയറുകൾ പ്രവർത്തിക്കുക. 

മറ്റു 11 ജില്ലകളിൽ പ്രധാന സ്ഥലങ്ങളിൽ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കും. മിൽമ, ഹോർട്ടികോർപ് എന്നിവയുടെ പങ്കാളിത്തം എല്ലാ ജില്ലാ ഫെയറുകളിലും ഉണ്ടായിരിക്കും. ജില്ലാ ഫെയറുകൾ ആഗസ്റ്റ് 14ന് തുടങ്ങി 25ന് അവസാനിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകൾ  ആഗസ്റ്റ് 21 മുതൽ 25 വരെ നടത്തും.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം