പട്ടാമ്പിയിൽ ദുരന്ത നിവാരണത്തിന് ഏകോപന നടപടി

കനത്ത മഴയുടെയും റെഡ് അലർട്ടിന്റെയും പശ്ചാത്തലത്തിൽ പട്ടാമ്പി നഗരസഭാ പ്രദേശത്ത് അടിയന്തിര മുന്നൊരുക്ക പ്രവർത്തനങ്ങളും ദുരന്ത നിവാരണ നടപടികളും ഏകോപിപ്പിക്കുന്നതിനായി പട്ടാമ്പി നഗരസഭയിൽ യോഗം ചേർന്നു. 

നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ അധ്യക്ഷൻ  ടി.പി ഷാജി അധ്യക്ഷത വഹിച്ചു. പാലക്കാട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്‌ടറുടെ ഉത്തരവിനെ തുടർന്നാണ് യോഗം വിളിച്ചു ചേർത്തത്.  

നഗരസഭാ പരിധിയിൽ അപകട സാധ്യതയുള്ള മേഖലകളിൽ അടിയന്തിര ഇടപെടലുകൾ നടത്തുന്നതിനും ഏത് അടിയന്തിര സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജരാകുന്നതിനും യോഗം തീരുമാനിച്ചു. 

നഗരസഭാ തലത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കും. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും. ഇതിനായി പ്രത്യേക ചാർജ്ജ് ഓഫീസർമാരെ ചുമതലപ്പെടുത്തി. 

വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളുടെ പുതുക്കിയ പട്ടികയും ഇവാക്വേഷൻ പ്ലാനും തയ്യാറാക്കുന്നതിനും  ആവശ്യമായാൽ ദുരിതാശ്വാസ ക്യാമ്പുകളായി നിശ്ചയിച്ചയിക്കുന്ന  കെട്ടിടങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു.

 രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ JCB, ഹിറ്റാച്ചി തുടങ്ങിയ യന്ത്ര സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും  അപകടകരമായ നിലയിലുള്ള മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചു മാറ്റാനും സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാനും തീരുമാനമായി. 

വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ KRFB ക്ക് നിർദ്ദേശം നൽകും. പെരിന്തൽമണ്ണ റോഡിൽ അടിയന്തിരമായി ഡ്രൈനേജ് നിർമാണം ആരംഭിക്കാൻ PWD യോട് ആവശ്യപ്പെടും.

പട്ടാമ്പി പാലത്തിൽ വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി, അടിയന്തിര ഘട്ടങ്ങളിൽ വെള്ളിയാങ്കല്ല് തടയണയുടെ ഷട്ടറുകൾ ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തി.

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ഫയർ ഫോഴ്‌സ് അധികൃതർ യോഗത്തിൽ വ്യക്തമാക്കി.

യോഗത്തിൽ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, നഗരസഭ സെക്രട്ടറി ഡോ.എസ്. അമൽ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, റവന്യൂ, പോലീസ്, ഫയർ ഫോഴ്‌സ്, KSEB, വാട്ടർ അതോറിറ്റി, ഇറിഗേഷൻ വകുപ്പ്, PWD ഉദ്യോഗസ്ഥരും നഗരസഭാ എഞ്ചിനീയറിംഗ്, ഹെൽത്ത്, വില്ലേജ് ഉദ്യോഗസ്ഥരും  പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം