നാദാപുരം വളയത്തിന് സമീപത്താണ് സംഭവം. മാതാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. കുയ്തേരിയിലെ കൊയോളിന്റവിട കുനിയിൽ മുഹമ്മദിന്റെയും സൽമയുടെയും മകൾ ഫാത്തിമ മുഹമ്മദ് (8) ആണ് മരിച്ചത്. കുയ്തേരി സഹ്റ പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
സൽമയുടെ ഭർതൃ വീടായ വളയം കുയ്തേരിയിൽ നിന്ന് തറവാട് വീടായ ചെക്യാട്ടെ താനക്കോട്ടൂരിലേക്ക് പോകുന്ന വഴിയാണ് അപകടം.
ഫാത്തിമയുടെ കൂടെയുണ്ടായിരുന്ന സഹോദരൻമാരായ അബ്ദുല്ല മുഹമ്മദ്, റസി മുഹമ്മദ്, മാതാവ് സൽമ എന്നിവരെ സാരമായ പരിക്കുകളോടെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൽമയും മക്കളും സഞ്ചരിച്ച സ്കൂട്ടറും വടകരയിൽ നിന്നും കുറുവന്തേരിക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തിൽപെട്ടത്. വെള്ളക്കെട്ട് നിറഞ്ഞ റോഡിൽ നിന്നും ബസ് പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ സ്കൂട്ടർ മറിയുകയും ഫാത്തിമ ബസിനടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഫാത്തിമയുടെ മൃതദേഹം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്. പിതാവ് മുഹമ്മദ് ഖത്തറിലാണ് ജോലി ചെയ്യുന്നത്.
