സംസ്ഥാന മിനി ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ ചാലിശ്ശേരിക്ക് തിളക്കമാർന്ന നേട്ടം

തൃശ്ശൂരിന് സംസ്ഥാന കിരീടം നേടിക്കൊടുക്കാൻ പ്രയത്നിച്ചത് ചാലിശ്ശേരി ഗവ.ഹയർ സെക്കൻ്റ്റി സ്‌കൂളിലെ രണ്ടു പെൺകുട്ടികൾ.

തിരുവനന്തപുരത്ത് രണ്ടുനാൾ നടന്ന നാലാമത് സംസ്ഥാന മിനി ഖൊ-ഖൊ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലാ ടീം കിരീടം നേടിയപ്പോൾ ടീമിന്റെ മുന്നേറ്റത്തിൽ ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പി.എം അനുശ്രീയും പി.ആർ അൻഷികയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

കായിക സ്വപ്നങ്ങൾ നെഞ്ചിലേറ്റി കളിക്കളത്തിലിറങ്ങിയ ഇരുവർക്കും സംസ്ഥാന കിരീട നേട്ടം ഇരട്ടി മധുരമായി. ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ചാലിശ്ശേരി സ്കൂളിനും നാടിനും അഭിമാനമായി. ജില്ലാ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ഖൊ-ഖൊ അക്കാദമി ടീമിന്റെ കിരീട നേട്ടത്തിലും ഇവർ ഭാഗമായിരുന്നു.

ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി രാജ്കുമാറിന്റെയും മേഘയുടെയും മകളാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന അൻഷിക. കായികരംഗത്ത് അൻഷികയുടെ മികവ് ഖൊ-ഖൊയിൽ മാത്രം ഒതുങ്ങുന്നതല്ല. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന മിനി അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. ഇപ്പോൾ ഖൊ-ഖൊയിലും സംസ്ഥാന കിരീടത്തിന്റെ ഭാഗമായതോടെ മറ്റൊരു പൊൻതൂവൽ കൂടി നേടി.

ഏഴാം ക്ലാസ് വിദ്യാർഥിയായ പി.എം അനുശ്രീ എറവക്കാട് പാട്ടത്ത് പറമ്പിൽ വീട്ടിൽ മണികണ്ഠന്റെയും വിനിതയുടെയും മകളാണ്. സംസ്ഥാന വേദിയിലെ മികച്ച പ്രകടനത്തിലൂടെ ടീമിന്റെ കിരീട യാത്രയിൽ പങ്കാളിയായ അനുശ്രീയും ചാലിശ്ശേരിയുടെ പുതിയ കായിക മുഖമായി മാറുകയാണ്.

കഴിഞ്ഞ 2 വർഷമായി സ്കൂളിലെ കായിക അധ്യാപകരായ ബിബിൻ, ഷക്കീല എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ ഖൊ-ഖൊ പരിശീലനവും ഈ വിജയത്തിന് കരുത്തായി.

പഠനത്തോടൊപ്പം കായിക രംഗത്തും മികവ് തെളിയിക്കുന്ന ഈ രണ്ട് വിദ്യാർഥികളുടെ നേട്ടം ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ കായിക പാരമ്പര്യത്തിന് പുതിയ കരുത്താണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം