ഒല്ലൂരിൽ രണ്ടുപേരും വടക്കാഞ്ചേരിയിൽ ഒരാളുമാണ് മരിച്ചത്. ഒല്ലൂർ കമ്പനിപ്പടിയിൽ ലോറിയും ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. ഈ അപകടത്തിൽ രണ്ടുപേർ മരിച്ചു.
ഓട്ടോ ഡ്രൈവർ കല്ലൂർ വെള്ളാനിക്കോട് സ്വദേശി ചുങ്കൻ വീട്ടിൽ റപ്പായിയുടെ മകൻ ഡാനി (35), ഓട്ടോറിക്ഷ യാത്രക്കാരനായ ഒല്ലൂർ സ്വദേശി എടക്കളത്തുർ വീട്ടിൽ മാത്യുവിന്റെ മകൻ മെജോറിൻ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം. റോഡ് മുറിച്ചു കടക്കാൻ വേഗത കുറച്ച ഓട്ടോറിക്ഷക്ക് പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നുവന്ന ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി. അപകടത്തെ തുടർന്ന് ഇരുവരും ഓട്ടോയിൽ കുടുങ്ങി. തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ച് ഇരുവരെയും പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
മെജോറിൻ ബിസിനസ് ആവശ്യത്തിന് യാത്ര പോയി വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെയാണ് അപകടം. ഭാര്യ: ജോസ്ലി. മക്കൾ: കാതറിൻ, ക്രിസ്സ്, കെയ്നു. സംസ്കാരം ഇന്ന് 11.30ന് പടവരാട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ നടന്നു. ഓട്ടോ ഡ്രൈവർ ഡാനി അവിവാഹിതനാണ്. മാതാവ് : പ്രിൻസി.
വടക്കാഞ്ചേരി റെയിൽവെ മേൽപാലത്തിനു സമീപം ഒമ്പതരയോടെയാണ് ലോറിയ്ക്കടിയിൽപ്പെട്ട് യുവതി മരിച്ചത്. കരുതക്കാട് പത്താംകല്ല് സ്വദേശിനി ഫാത്തിമ സുഹറയാണ് മരിച്ചത്. യുവതിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങിയതിനാൽ മൃതദേഹം തിരിച്ചറിയാൻ വൈകി. കനത്ത മഴയ്ക്കിടെയാണ് മൂന്നു മരണങ്ങളുമുണ്ടായത്.
